
‘സീതാ രാമം’ എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ ജോഡികളായി മാറിയ ദുൽഖർ സൽമാനും മൃണാൾ താക്കൂറും വീണ്ടും ഒന്നിക്കുന്നു. എന്നാൽ ഇത്തവണ ഒരു സിനിമയ്ക്കല്ല, പകരം സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം നൽകിയ ‘ഭീഗി ഭീഗി’ എന്ന മ്യൂസിക്കൽ ആൽബത്തിന് വേണ്ടിയാണ് ഈ ഹിറ്റ് കോമ്പോ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
ഒരു മനോഹരമായ പ്രണയകഥ പറയുന്ന ആൽബത്തിൽ എ ആർ അമീൻ, ജാസ്ലീൻ റോയൽ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആൽബത്തിൽ ദുൽഖറിനും മൃണാലിനുമൊപ്പം എ.ആർ അമീനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇർഷാദ് കാമിലിന്റേതാണ് വരികൾ. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ഗാനം വൈറലായിക്കഴിഞ്ഞു. ഇവരുടെ കെമിസ്ട്രി പഴയതുപോലെ തന്നെ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.
Also Read: ഫാമിലി ഗ്രൂപ്പിലെ മെയിൻ സ്റ്റിക്കർ ‘പാപ്പമാ…’ ആണ്; ജയറാമിനെ ട്രോളി കാളിദാസ് ജയറാം!
ആർ.ഡി.എക്സ് സംവിധായകൻ നഹാസ് ഹിദായത്തിനൊപ്പമുള്ള വമ്പൻ ആക്ഷൻ ചിത്രമാണ് ദുൽഖറിന്റേതായി മലയാളത്തിൽ ഇനി വരാനുള്ളത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തിരക്കഥ ഒരുക്കുന്നത് സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ് സിനിമക്ക് സംഗീതം നൽകുന്നു. കാന്തയാണ് അവസാനമായി പുറത്തിറങ്ങിയ ദുൽഖർ ചിത്രം. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ ചേർന്നാണ് കാന്ത നിർമ്മിച്ചത്.
The post ഹൃദയം കീഴടക്കി ദുൽഖർ-മൃണാൾ കോമ്പോ; ‘ഭീഗി ഭീഗി’ മ്യൂസിക് ആൽബം തരംഗമാകുന്നു! appeared first on Express Kerala.




