
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം നൽകിയ പത്മവിഭൂഷൺ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. പുരസ്കാരങ്ങൾ സ്വീകരിക്കുന്ന കീഴ്വഴക്കം പാർട്ടിക്കില്ലെന്ന നിലപാട് കണക്കിലെടുത്താണ് കുടുംബത്തിന്റെ ഈ തീരുമാനം. സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബിയുമായി ആലോചിച്ച ശേഷം മകൻ വി.എ. അരുൺ കുമാറാണ് ഇക്കാര്യം അറിയിച്ചത്.
വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് വിശ്വസിക്കുന്നതായും, ഇക്കാര്യത്തിൽ തങ്ങൾ പാർട്ടിയുടെ നയങ്ങൾക്കൊപ്പം നിൽക്കുമെന്നും കുടുംബം വ്യക്തമാക്കി. “കേരളത്തിന്റെ പൊതുസമൂഹത്തിനൊപ്പം ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും സഞ്ചരിച്ച വി.എസിന് ലഭിച്ച ഈ അംഗീകാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തിനുള്ള ആദരമായി കാണുന്നു. എങ്കിലും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കും പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബത്തിന്റെ തീരുമാനം” എന്ന് മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
Also Read: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കും; മതരാഷ്ട്രവാദം അവർ തള്ളിപ്പറഞ്ഞതാണെന്ന് വി.ഡി. സതീശൻ
സി.പി.ഐ.എം. നേതാക്കൾ ഇത്തരം ഔദ്യോഗിക പദവികളും ബഹുമതികളും സ്വീകരിക്കുന്ന പതിവില്ല. 1992-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് പത്മവിഭൂഷൺ നിരസിച്ചിരുന്നു. തുടർന്ന് ജ്യോതി ബസു ഭാരതരത്നയും, ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണും നിരസിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ നിരസിക്കാനുള്ള കുടുംബത്തിന്റെ തീരുമാനത്തിനൊപ്പമാണ് പാർട്ടിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി.
The post വി.എസിന് നൽകിയ പത്മവിഭൂഷൺ സ്വീകരിക്കില്ല; പാർട്ടി നിലപാടിനൊപ്പം നിൽക്കാൻ കുടുംബത്തിന്റെ തീരുമാനം appeared first on Express Kerala.




