
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ വച്ച് നടന്ന ചോദ്യം ചെയ്യലിൽ, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും തേടിയത്. തന്നോട് ചോദിച്ച എല്ലാ കാര്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും എന്നാൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണസംഘം ഒന്നും ചോദിച്ചില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യം ചെയ്യലിനോടുള്ള മാധ്യമപ്രവർത്തകരുടെ തുടർചോദ്യങ്ങളോട് രോഷാകുലനായാണ് അടൂർ പ്രകാശ് പ്രതികരിച്ചത്. തന്നെ വീണ്ടും വിളിപ്പിക്കുമോ എന്ന ചോദ്യത്തിന്, തന്റെ മറുപടികൾ തൃപ്തികരമാണോ എന്ന് പറയേണ്ടത് ഉദ്യോഗസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതികളുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം സമ്മാനങ്ങൾ കൈപ്പറ്റിയെന്നും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ശേഷം കേസിൽ മറ്റൊരു പ്രമുഖ നേതാവിനെ കൂടി എസ്ഐടി ചോദ്യം ചെയ്യുന്നത്.
Also Read; വാസവന്റെ രാജി ചോദിക്കുന്നവർ അടൂർ പ്രകാശിനെ മാറ്റുമോ! രാജി സതീശൻ ആവശ്യപ്പെടുമോ? മന്ത്രി വി ശിവൻകുട്ടി
അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാരിന്റെ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘം വിളിച്ചയുടൻ തന്നെ അടൂർ പ്രകാശ് ഹാജരായത് തന്റെ ഭാഗം വ്യക്തമായതുകൊണ്ടാണ്. ഇത്തരം നീക്കങ്ങൾ കൊണ്ട് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും യുഡിഎഫിനെ ഈ കേസിൽ കൂട്ടിക്കെട്ടാൻ നോക്കേണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
The post ‘എല്ലാം തുറന്നുപറഞ്ഞു, സാമ്പത്തിക ഇടപാടുകൾ ചോദിച്ചില്ല’: ചോദ്യം ചെയ്യലിന് പിന്നാലെ രോഷാകുലനായി അടൂർ പ്രകാശ് appeared first on Express Kerala.




