കൊരട്ടി : മാരക ലഹരി വസ്തുവായ ചരസുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ
കാടുകുറ്റി ഭാഗത്ത് ഡാൻസാഫ് സംഘവും കൊരട്ടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാടുകുറ്റി ചിറമേൽ വീട്ടിൽ ആൻ്റോ ടോണി (24 വയസ്) മയക്കുമരുന്നുമായി പോലീസിൻ്റെ പിടിയിലായത്.
ആൻ്റോ ടോണി എറണാകുളം – തൃശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളലായി വധശ്രമം, ലഹരിമരുന്നുപയോഗം, മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കൽ, കവർച്ചാശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ജിഎസ്ഐ മാരായ സതീശൻ മടപ്പാട്ടിൽ, മൂസ പി.എം, ജിഎഎസ്ഐ മാരായ റെജി എ.യു, ഷിജോ തോമസ്, ബിനു എം ജെ, സിപിഒ ശ്രീജിത് ഇ.വി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


