
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മൊബൈൽ ഫോണുകൾ മാറിക്കഴിഞ്ഞു. എന്നാൽ ഫോൺ ചാർജിങ്ങിന് ഇടുമ്പോൾ ചാർജ് കയറാൻ വല്ലാതെ സമയമെടുക്കുന്നത് പലരെയും അസ്വസ്ഥരാക്കാറുണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഫോണിലെ ചാർജിങ് ജാക്കിന്റെ തകരാറാകാം. ഡാറ്റ കേബിളുമായി ബന്ധിപ്പിക്കുന്ന ഈ ഭാഗത്ത് അഴുക്ക് അടിഞ്ഞുകൂടുന്നതോ കേടുപാടുകൾ സംഭവിക്കുന്നതോ ചാർജിങ് വേഗത കുറയ്ക്കും. ഇത്തരം സാഹചര്യത്തിൽ ഒരു സർവീസ് സെന്ററിൽ കാണിച്ച് ജാക്ക് വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യേണ്ടതാണ്.
ഉപയോഗിക്കുന്ന ചാർജറിന്റെ ഗുണനിലവാരമാണ് മറ്റൊരു പ്രധാന ഘടകം. ഫോണിനൊപ്പം ലഭിച്ച ഒറിജിനൽ അഡാപ്റ്ററും കേബിളും തന്നെ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ചാർജിങ് കേബിളിന്റെ ഉൾഭാഗത്തെ വയറുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ പുറമെ നിന്ന് കാണാൻ കഴിയില്ലെങ്കിലും അവ ചാർജിങ് പവർ കുറയ്ക്കും. കേബിൾ മാറ്റിയതിന് ശേഷവും പ്രശ്നം തുടരുകയാണെങ്കിൽ അഡാപ്റ്റർ മാറ്റി പരിശോധിക്കേണ്ടി വരും. പലപ്പോഴും ഗുണനിലവാരമില്ലാത്ത ചാർജറുകൾ ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആരോഗ്യത്തെയും ബാധിച്ചേക്കാം.
Also Read: ഫോണിലേക്ക് ആരെങ്കിലും എത്തിനോക്കുന്നുണ്ടോ? ‘ഷോൾഡർ സർഫിംഗിന്’ തടയിടാൻ സാംസങ്!
ചാർജിങ്ങിനിടയിലുള്ള നമ്മുടെ ഉപയോഗവും വേഗതയെ സ്വാധീനിക്കുന്നുണ്ട്. ചാർജ് ചെയ്തുകൊണ്ടിരിക്കെ ഫോണിൽ സംസാരിക്കുന്നതോ ഇന്റർനെറ്റ് ഉപയോഗിക്കുന്നതോ ചാർജിങ് പ്രക്രിയയെ മന്ദഗതിയിലാക്കും. ഫോൺ സ്വിച്ച് ഓഫ് ചെയ്തോ അല്ലെങ്കിൽ ‘ഫ്ലൈറ്റ് മോഡിൽ’ ഇട്ടോ ചാർജ് ചെയ്യുകയാണെങ്കിൽ വളരെ വേഗത്തിൽ ബാറ്ററി നിറയുന്നത് കാണാൻ സാധിക്കും. കൂടാതെ, അനാവശ്യമായ ബാക്ക്ഗ്രൗണ്ട് ആപ്പുകൾ ക്ലോസ് ചെയ്യുന്നതും ചാർജിങ് വേഗത വർദ്ധിപ്പിക്കാൻ സഹായിക്കും.
The post ഫോൺ ചാർജ് ആകാൻ വല്ലാതെ സമയമെടുക്കുന്നുണ്ടോ? ഇതാകാം പ്രധാന കാരണങ്ങൾ appeared first on Express Kerala.




