
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിനെ കാണാനാണ് താൻ പോയതെന്നായിരുന്നു കടകംപള്ളിയുടെ മുൻ വിശദീകരണമെങ്കിലും, അദ്ദേഹം വീണ്ടും പോറ്റിയുടെ വീട്ടിൽ എത്തിയിരുന്നതായി പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ ഉന്നതബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എസ്.ഐ.ടി, കടകംപള്ളിയിൽ നിന്ന് ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളില്ലെന്നും പരിചയം മാത്രമാണുള്ളതെന്നുമാണ് അടൂർ പ്രകാശ് മൊഴി നൽകിയത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചില നിർണായക രേഖകൾ ശേഖരിച്ച അന്വേഷണ സംഘം, മൊഴികൾ വിശദമായി പരിശോധിച്ച ശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഉന്നതരായ രാഷ്ട്രീയ നേതാക്കൾക്ക് പ്രതിയുമായുള്ള ബന്ധം കേസന്വേഷണത്തിൽ നിർണായകമാണ്.
Also Read; നാലു വോട്ടിന് വേണ്ടി എന്തും ചെയ്യും; വി ഡി സതീശനെതിരെ എം വി ഗോവിന്ദൻ
കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള പ്രാഥമിക നടപടികൾ എസ്.ഐ.ടി ആരംഭിച്ചെങ്കിലും സ്വർണം എപ്രകാരമാണ് ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാക്കാൻ സാധിക്കാത്തത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവ തെളിയിക്കുന്നതിനുള്ള അന്തിമ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംഘം. ശബരിമലയിലെ കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം കോടതിയുടെ അനുമതിയോടെ മാത്രമേ ആരംഭിക്കൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
The post ശബരിമല സ്വർണക്കൊള്ള കേസ്! കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും; ഉണ്ണികൃഷ്ണൻ പോറ്റിയൊപ്പമുള്ള പുതിയ ചിത്രങ്ങൾ പുറത്ത് appeared first on Express Kerala.




