
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 2017-ലെ യുഡിഎഫ് ഭരണകാലത്ത് നടന്ന പുനഃപ്രതിഷ്ഠാ ചടങ്ങുകളിലെ ക്രമക്കേടുകൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വിജിലൻസ് ഡയറക്ടർ ഇതിനായി ഒരു പ്രത്യേക സംഘം രൂപീകരിക്കണമെന്നും 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കൊടിമര നിർമ്മാണത്തിനായി ലഭിച്ച സ്വർണ്ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടു. ഇതിനായി എക്‌സ്റേ ഫ്‌ളൂറോസീൻസ് സ്‌പെക്ട്രോസ്കോപ്പി എന്ന ശാസ്ത്രീയ പരിശോധന നടത്താൻ അനുമതി നൽകി. പ്രതികളുടെ ഒപ്പ്, സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ ശാസ്ത്രീയ പരിശോധന നടത്തും. കൂടാതെ, കൊടിമരത്തിനായി സ്വർണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്താനും നിർദ്ദേശമുണ്ട്.
Also Read: ശബരിമല സ്വർണക്കൊള്ള! അന്വേഷണം വ്യാപിപ്പിക്കുന്നു; മൂന്ന് പേർ കൂടി പ്രതിപ്പട്ടികയിലേക്ക്
കൊടിമര പുനഃപ്രതിഷ്ഠയിൽ ദേവസ്വം മാനുവലിലെ നിർദ്ദേശങ്ങളും സാമ്പത്തിക ചട്ടങ്ങളും ലംഘിക്കപ്പെട്ടതായി കോടതി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട മഹസർ ഉൾപ്പെടെയുള്ള എല്ലാ രേഖകളും വിജിലൻസിന് കൈമാറാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ അഴിമതി സ്ഥിരീകരിച്ചാൽ, അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്ത് തുടർനടപടികൾ സ്വീകരിക്കാനാണ് കോടതി തീരുമാനം.
The post ശബരിമല കൊടിമര പുനഃപ്രതിഷ്ഠ! വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം appeared first on Express Kerala.


