സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട പണത്തിൽ നിന്ന് അഞ്ച് കോടി രൂപയോളം തിരിച്ച് പിടിച്ച് തൃശ്ശൂർ റൂറൽ പോലീസിന് നേട്ടം; പരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും റൂറൽ പോലീസ് ഒന്നാം സ്ഥാനത്ത് ; ” ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ” വർണ്ണ മഴ” നിയമപരമല്ലെന്നും നോട്ടീസുകൾ നൽകാറുണ്ടെന്നും റൂറൽ പോലീസ്
ഇരിങ്ങാലക്കുട :സൈബർ തട്ടിപ്പുകൾ വഴി പൊതുജനങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കുന്നതിൽ നേട്ടം കൈവരിച്ച് തൃശ്ശൂർ റൂറൽ പോലീസ്. 2025-2026 വർഷത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിലാണ് തൃശ്ശൂർ റൂറൽ പോലീസ് നിലവിൽ ഒന്നാം സ്ഥാനത്തെത്തിയതെന്ന് റൂറൽ എസ്പി ബി കൃഷ്ണകുമാർ പത്ര സമ്മേളനത്തിൽ അറിയിച്ചു.ആകെ 5,03,61,394/- (അഞ്ച് കോടി മൂന്ന് ലക്ഷത്തി അറുപത്തിയൊന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി നാല് രൂപ) തിരിച്ച് പിടിച്ച് പരാതിക്കാർക്ക് നൽകിയത്. സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിൽ ഉൾപ്പെട്ട 10 ലക്ഷം രൂപ വിലവരുന്ന ക്രിപ്റ്റോ കറൻസി തിരിച്ച് പിടിച്ചത് കേരളത്തിൽ ആദ്യമായിട്ടാണ് .
” ഓപ്പറേഷൻ സുദർശന ” യിലൂടെ 2025- 26 വർഷത്തിൽ വിദേശത്ത് കഴിഞ്ഞിരുന്ന 68 പ്രതികളെ അറസ്റ്റ് ചെയ്യാനും ” ഓപ്പറേഷൻ കാപ്പ ” വഴി 89 ഗുണ്ടകളെ ജയിലിൽ അടയ്ക്കാനും 167 ഗുണ്ടകളെ നാട് കടത്താനും റൂറൽ പോലീസിൻ്റെ പരിധിയിൽ വരുന്ന 10 രാസലഹരി കച്ചവടക്കാരെയും ജയിലിൽ അടയ്ക്കാനും ” ഓപ്പറേഷൻ തണ്ടർ ” വഴി 344 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനും സാധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമ കേസുകളിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതിൽ എട്ടാം സ്ഥാനത്താണ് റൂറൽ പോലീസെന്നും എസ് പി പറഞ്ഞു. പോർട്ടലിൽ രജിസ്റ്റർ ചെയ്തതിലൂടെ 337 മൊബൈൽ ഫോണുകൾ കണ്ടെത്താനും കഴിഞ്ഞു. കുറ്റാന്വേഷണത്തിന് കരുത്തേകാൻ എഴ് ലക്ഷം രൂപ വിലമതിക്കുന്ന ഡിജിറ്റൽ ക്യാമറ അനുവദിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും തൃശ്ശൂർ റൂറൽ പോലീസ് ഒന്നാം സ്ഥാനത്താണ് . കഴിഞ്ഞ 10 മാസത്തിനിടെ 90000 പാസ്പോർട്ട് അപേക്ഷകൾ പരിശോധനകൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു.
ആഘോഷങ്ങളിൽ ആനകളുടെയും വെടിക്കെട്ടിൻ്റെയും കാര്യങ്ങളിൽ കർശന പരിശോധന ഉറപ്പു വരുത്തിയിട്ടുണ്ട്. ഇപ്പോൾ ആഘോഷങ്ങളുടെ ഭാഗമായി ” ” വർണ്ണ മഴ ” എന്ന പേരിൽ നടക്കുന്ന പരിപാടികൾ അധികവും നിയമാനുസൃതമല്ലെന്നും നോട്ടീസ് നൽകാറുണ്ടെന്നും എസ് പി സൂചിപ്പിച്ചു.

