ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്തിലെ മധുരമ്പിള്ളി നഗറിൽ അംബേദ്കർ ഗ്രാമ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന പട്ടികജാതി നഗറുകളുടെ സമഗ്ര വികസനത്തിനായി പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
മന്ത്രി ഡോ. ആർ. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു.
അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾ, മതിൽ നിർമ്മാണം, മാലിന്യ സംസ്കരണ പിറ്റുകൾ സ്ഥാപിക്കൽ, സ്ട്രീറ്റ് ലൈറ്റുകൾ, വെള്ളക്കെട്ട് പരിഹാരം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലെ കാട്ടൂർ പഞ്ചായത്തിലെ മധുരമ്പിള്ളി നഗറിലെ നിവാസികളുടെ വ്യക്തിഗത പുരോഗതിയും പശ്ചാത്തല വികസനവും ഇതിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.
മധുരമ്പിള്ളി നഗറിൽ നടന്ന ചടങ്ങിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ സതീദേവി പദ്ധതി അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി. പവിത്രൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. അനീഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.കെ. അശോകൻ, വാർഡ് മെമ്പർ ജൂലിയസ് ആന്റണി, എസ്സി പ്രൊമോട്ടർ ചിന്നുമോൾ ഷൈജു എന്നിവർ പങ്കെടുത്തു.

