loader image

ഗുരുവായൂർ ഗവ. ഗസ്റ്റ്‌ ഹൗസ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ : കേരളം സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് ഇട്ട വർഷമായിരുന്നു 2025 എന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗതാഗതം, ഹോസ്പിറ്റാലിറ്റി മേഖലകൾ സുഗമമാക്കിയത് വിനോദസഞ്ചാര മേഖലയുടെ വികസനത്തിൽ നല്ല പങ്ക് വഹിച്ചെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂരിൽ വിനോദ സഞ്ചാര വകുപ്പ് 31.95 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള സർക്കാർ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2025ൽ കേരളം സന്ദർശിച്ചത് രണ്ടര കോടിയിലധികം (2,58,80365) സഞ്ചാരികളാണെന്നും കേരളം ഉണ്ടായതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിതെന്നും മന്ത്രി പറഞ്ഞു.
മലബാർ മേഖലയിൽ തന്നെ കേരളത്തിന്‌ പുറത്തുനിന്ന് വരുന്ന സഞ്ചാരികളിൽ വെറും ആറ് ശതമാനം മാത്രമേ സഞ്ചാരികൾ ഉണ്ടായിരുന്നുള്ളൂ. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രങ്ങളുമുള്ള പ്രകൃതിരമണീയമായ മലബാർ മേഖലയിൽ പോലും കാര്യമായ സന്ദർശകർ ഇല്ലായിരുന്നു. അതേക്കുറിച്ച് പഠിച്ചപ്പോഴാണ് എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടുകളും താമസ സൗകര്യമടക്കമുള്ള പ്രയാസങ്ങളുമാണ് തടസമെന്ന് മനസ്സിലായതെന്ന് മന്ത്രി പറഞ്ഞു.
ഇത് പരിഹരിക്കുന്നതിനായി വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ ടൂറിസം മേഖലയിൽ നടന്നു. കാട് പിടിച്ചു കിടന്നിരുന്ന പല റസ്റ്റ്‌ ഹൗസുകളും നവീകരിക്കുകയും പുതിയതായി ഗസ്റ്റ്‌ ഹൗസുകൾ നിർമ്മിക്കുകയും ചെയ്തു. കേരളത്തിൽ ഇന്ന് ടൂറിസം വകുപ്പിന് കീഴിൽ 24 ഗസ്റ്റ്‌ ഹൗസുകളും നാല് യാത്രി നിവാസുകളും രണ്ട് എക്കോ ലോഡ്ജുകളുമുണ്ട്. ആറ് ഗസ്റ്റ്‌ ഹൗസുകളുടെ പ്രവൃത്തി കൂടി പുരോഗമിക്കുന്നു. എട്ട് ഗസ്റ്റ്‌ ഹൗസുകൾ നവീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
മുമ്പ് റസ്റ്റ്‌ ഹൗസുകളിൽ റൂം ബുക്ക് ചെയ്യുന്നതിൽ ഒരുപാട് സങ്കീർണ്ണതകൾ ഉണ്ടായിരുന്നതിനാൽ ബുക്ക്‌ ചെയ്യുന്നതിന് കാലതാമസമെടുക്കുകയും അതുകൊണ്ട് തന്നെ ജനങ്ങൾ അധികം ഇവയെ ആശ്രയിക്കാതെയിരുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഇതിന് പരിഹാരമായി 2021 നവംബർ ഒന്നിന് എല്ലാ പൊതുമരാമത്ത് റസ്റ്റ്‌ ഹൗസുകളിലും ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.
ഈ നാല് കൊല്ലത്തിനിടെ ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം സംസ്ഥാനത്തെ ഖജനാവിന് അധികമായി ലഭിച്ച വരുമാനം 30 കോടി രൂപയാണ്. ഇതിൽ താമസത്തിന് എത്തുന്നതില്‍ വലിയ ശതമാനവും സഞ്ചാരികളാണെന്നും മികച്ച റോഡുകള്‍ ഒരുക്കിയതോടെ വിനോദസഞ്ചാര മേഖലയിലും മുന്നേറ്റമുണ്ടായെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ കിഴക്കെ നടയിൽ മഞ്ജുളാലിന് സമീപം സ്ഥിതി ചെയ്യുന്ന ഗസ്റ്റ്‌ ഹൗസിൽ എട്ട് നിലകളിലായി 60 ലക്ഷം ചതുരശ്രയടിയിലുള്ള കെട്ടിടത്തിൽ 55 മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അതിൽ ഒരു പ്രസിഡൻഷ്യൽ സ്യൂട്ടും നാല് സ്യൂട്ട് മുറികളും 50 സ്റ്റാൻഡേർഡ് മുറികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം ഹ്യൂമൻ ആന്റ് ബാഗ് സ്കാനർ, സെക്യൂരിറ്റി ക്യാബിൻ തുടങ്ങിയ സൗകര്യങ്ങളും കിച്ചൻ ആന്റ് ഡൈനിങ്, സുവനീർ ഷോപ്പ്, ട്രാവൽ ഡെസ്ക് തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ വിജയൻ, മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ എന്നിവർ വിശിഷ്ടാതിഥികളായി.
ഗുരുവായൂർ നഗരസഭ വാർഡ് കൗൺസിലർ ആതിര രതീഷ്, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, രാഷ്ട്രീയ പ്രതിനിധികളായ ടി.ടി ശിവദാസൻ, ടി.പി ഷാഹു, സെയ്‌താലിക്കുട്ടി, അബ്ദുൾ ഗഫൂർ, സൈമൺ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Spread the love
See also  യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close