loader image

പുതുയുഗയാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വലസ്വീകരണം

പുതുയുഗയാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വലസ്വീകരണം; വർഗ്ഗീയതയുടെ കാര്യത്തിൽ യുഡിഎഫ് വിട്ടുവീഴ്ചയ്ക്കില്ലെന്നും വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വച്ചാൽ മതിയെന്നും എത് കൊലകൊമ്പനെയും എതിർക്കുമെന്നും കോൺഗ്രസ് നേതാവ് വി ഡി സതീശൻ

ഇരിങ്ങാലക്കുട : വോട്ട് ബാങ്ക് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്നും വർഗ്ഗീയത പറയരുതെന്നും ഇക്കാര്യത്തിൽ എത് കൊലകൊമ്പനെയും എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് പാരമ്യത്തിൽ എത്തി നില്ക്കുമ്പോഴും ഇക്കാര്യത്തിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ നൽകിയ ഉജ്ജ്വല സ്വീകരണം എറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയതയുടെ കാര്യത്തിൽ സംഘ്പരിവാറിൻ്റെ അതേ പാതയിലാണ് സിപിഎമ്മും സഞ്ചരിക്കുന്നത്. പിണറായി വിജയൻ മാറി മാറി ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും പറയും. പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ന്യൂനപക്ഷ വർഗ്ഗീയത പറഞ്ഞെങ്കിലും വോട്ട് കിട്ടിയില്ല. പിന്നെ മലപ്പുറത്തെ കുറ്റം പറയാൻ തുടങ്ങി. ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് തിരി കൊളുത്തി . എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫ് വിട്ടുവീഴ്ചയ്ക്കില്ല. യുഡിഎഫ് അധികാരത്തിൽ വരുന്നതോടെ ഇതാണ് മതേതര കേരളമെന്ന് കേരളം രാജ്യത്തോട് പറയും.

സമ്പദ്ഘടനയുടെ നട്ടെല്ല് തകർത്ത് ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത വരുത്തി വച്ചിട്ടാണ് അടുത്ത മാസം പിണറായി വിജയൻ അധികാരത്തോട് സലാം പറയുന്നത്. ഒരു ലക്ഷം കോടി രൂപയാണ് സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കും കൊടുക്കാനുള്ളത്. സപ്ലൈകോയ്ക്ക് 2300 കോടിയും കൊടുക്കാനുണ്ട്. പൂച്ച പെറ്റ് കിടക്കുന്ന അവസ്ഥയാണ് കേരളത്തിൻ്റെ ഖജനാവ് ഇപ്പോൾ . യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സമ്പദ്ഘടനയ്ക്ക് പുതുജീവൻ നൽകും. പണം കൊണ്ട് ഖജനാവ് നിറയ്ക്കും. പുതുയുഗ യാത്ര ഭരണമാറ്റത്തിന് വേണ്ടി മാത്രമുള്ള യാത്രയല്ല. കേരളത്തിൻ്റെ മാറ്റത്തിന് വേണ്ടിയുള്ള വരവാണ്. അടുത്ത തവണ ഇരിങ്ങാലക്കുടയിൽ നിന്ന് യുഡിഎഫ് എംഎൽഎ ഉണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

See also  ചേർപ്പ് ഗവൺമെൻ്റ് വൊക്കേഷൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷത്തെ കരാട്ടെ ഗ്രേഡിങ് ടെസ്റ്റ് നടത്തി

ടൗൺ ഹാൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു. വി കെ ശ്രീകണ്ഠൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ തോമസ് ഉണ്ണിയാടൻ സ്വാഗതവും ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത് നന്ദിയും പറഞ്ഞു.ജാഥാംഗങ്ങൾ, കെപിസിസി , ഡിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close