loader image

ഭക്തിസാഗരമായി മാറാൻ ഒരുങ്ങി ഗുരുവായൂർ ; നാളെ കൊടിയേറ്റം – ആനയോട്ടം മുതൽ ആറാട്ട് വരെ ഭക്തിയുടെ മഹാപെരുമ!- Guruvayoor

കൊമ്പൻമാരുടെ കാഹളമൊലിയോടെ ആനയോട്ടം: 3.56 കോടിയുടെ വിപുല ഒരുക്കങ്ങളോടെ ഗുരുവായൂർ ഉത്സവം ഉച്ചകോടിയിലേക്ക്: ഗ്രഹണദിന ക്രമീകരണങ്ങൾ ഉൾപ്പെടെ സുരക്ഷാ സജ്ജീകരണങ്ങൾ ശക്തം
ഗുരുവായൂർ: പുണ്യപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ (ശനി) രാത്രി പൂയം നക്ഷത്രത്തിൽ കൊടിയേറ്റത്തോടെ ഉത്സവത്തിന് ഔപചാരിക തുടക്കമാകും. ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ മാർച്ച് 8-ന് രാത്രിയാണ് പള്ളിവേട്ടയും, മാർച്ച് 9 തിങ്കളാഴ്ച രാത്രി ശ്രീഗുരുവായൂരപ്പന്റെ ആറാട്ടും നടക്കുക.
ആനയോട്ടം നാളെ; മുൻനിരയിൽ മൂന്ന് കൊമ്പൻമാർ
ഉത്സവത്തിന്റെ പ്രാരംഭചടങ്ങായ ആനയോട്ടം നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ബാലു, കൃഷ്ണനാരായണൻ, രവികൃഷ്ണൻ എന്നീ മൂന്ന് ആനകൾ മുൻനിരയിൽ അണിനിരക്കും. ഗോപികൃഷ്ണൻ, സിദ്ധാർത്ഥൻ എന്നീ ആനകൾ കരുതലായിരിക്കും.
ഇന്ദ്രസെൻ, രവികൃഷ്ണൻ, കൃഷ്ണനാരായണൻ, ഗോപികൃഷ്ണൻ, സിദ്ധാർത്ഥൻ, വലിയ വിഷ്ണു, ബാലു, ഗജേന്ദ്ര, അക്ഷയ് കൃഷ്ണൻ എന്നീ ദേവസ്വം കൊമ്പൻമാർ ആനയോട്ടത്തിൽ പങ്കെടുക്കും. ആനയും ജനങ്ങളും തമ്മിൽ സുരക്ഷിത അകലം പാലിച്ചായിരിക്കും ചടങ്ങ് നടത്തുക. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ദേവസ്വം അധികൃതർ വ്യക്തമാക്കി.
ചന്ദ്രഗ്രഹണത്തെ തുടർന്ന് ചടങ്ങിൽ മാറ്റം
ഉത്സവത്തിന്റെ നാലാം ദിവസം മാർച്ച് 3-ന് ഉച്ചയ്ക്ക് ശേഷം ചന്ദ്രഗ്രഹണം ഉണ്ടായതിനാൽ ക്ഷേത്രചടങ്ങുകളിൽ മാറ്റമുണ്ടാകും. വൈകിട്ട് 6 മണിക്ക് ക്ഷേത്രനട അടയ്ക്കും. ഗ്രഹണശേഷം 7.15-ന് നട തുറന്ന് ചടങ്ങുകൾ പുനരാരംഭിക്കും. അന്നേദിവസം അത്താഴപ്പൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ എന്നിവ ശീട്ടാക്കില്ല. ഉച്ചയ്ക്കുശേഷമുള്ള പകർച്ചയും രാത്രി പ്രസാദ ഊട്ടും ഉണ്ടായിരിക്കില്ല.
കലാസന്ധ്യകൾക്ക് ദേശീയ-സംസ്ഥാന തലത്തിലെ തിളക്കം
കൊടിയേറ്റത്തിന് ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് പുലരുവോളം മേജർസെറ്റ് കഥകളി – പകുതി പുറപ്പാട് (4 മുടി), കഥ (1) അർജുന വിഷാദവ്യത്തം, (2) ദക്ഷയാഗം എന്നിവ അരങ്ങേറും.ഇത്തവണ ഉത്സവത്തിന് ദേശീയ-സംസ്ഥാന തലത്തിൽ ശ്രദ്ധേയരായ കലാകാരൻമാർ എത്തും. ഗായിക കെ.എസ് ചിത്ര, സംഗീതജ്ഞൻ ജി. രവി കിരൺ, ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യൻ, ചലച്ചിത്ര താരം ആശ ശരത്ത് എന്നിവരുടെ നൃത്തനിശകൾ, വയലിൻ വിസ്മയം ഗംഗ ശശിധരൻ, സത്രിയ നൃത്തവുമായി ആസാമിലെ രഞ്ജു മൊണി സൈകിയ എന്നിവർ കലാവിരുന്നൊരുക്കും.
പ്രതിദിനം വൈകുന്നേരം 5 മുതൽ 6 വരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപം കേരളത്തിന്റെ തനത് അനുഷ്ഠാനകലകൾ അരങ്ങേറും. ഗോപിക നൃത്തം, പരുന്താട്ടം, വീരനാട്യം, കളരിപ്പയറ്റ്, കരകാട്ടം, കുമ്മാട്ടികളി, ബിഹു നൃത്തം തുടങ്ങിയവ അവതരിപ്പിക്കും. രുദ്രതീർത്ഥത്തിന് സമീപം നന്ദനം, വൃന്ദാവനം വേദികളിൽ 1100-ൽ അധികം തിരുവാതിരക്കളികളും കൈകൊട്ടിക്കളി, കോൽക്കളി തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
3.56 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു
ഉത്സവ ദിനങ്ങളിൽ ചടങ്ങുകൾ, പ്രസാദ ഊട്ട്, പകർച്ച, കലാപരിപാടികൾ തുടങ്ങിയവയ്ക്കായി 3,56,95,000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. ഭക്തർക്ക് ദർശന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.
ആനയോട്ടത്തിന്റെ ആവേശവും കൊടിയേറ്റത്തിന്റെ ഭക്തിസാന്ദ്രതയും ചേർന്ന്, ആചാരപരമായും കലാപരമായും സമ്പന്നമായ ഒരു ഉത്സവകാലത്തെ സ്വാഗതം ചെയ്യാൻ ഗുരുവായൂർ ഒരുങ്ങിക്കഴിഞ്ഞു. ഭക്തിയും പാരമ്പര്യവും കൈകോർക്കുന്ന ഈ മഹോത്സവം വീണ്ടും കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ തിളക്കമാർന്ന അധ്യായമാകുമെന്ന് പ്രതീക്ഷ.

<p>The post ഭക്തിസാഗരമായി മാറാൻ ഒരുങ്ങി ഗുരുവായൂർ ; നാളെ കൊടിയേറ്റം – ആനയോട്ടം മുതൽ ആറാട്ട് വരെ ഭക്തിയുടെ മഹാപെരുമ! first appeared on guruvayoorOnline.com | Guruvayur Temple.</p>

Spread the love
See also  അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; ശാന്തിക്കാരന് പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close