
ജിയോ പ്ലാറ്റ്‌ഫോംസിന്റെ ആഗോള ബിസിനസ് സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഡാൻ ബെയ്‌ലി എത്തുന്നു. ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ പ്രസിഡന്റായി നിയമിതനായ അദ്ദേഹം ലണ്ടൻ ആസ്ഥാനമായാകും പ്രവർത്തിക്കുക. റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന അദ്ദേഹം, കമ്പനിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായിരിക്കും. കഴിഞ്ഞ പത്ത് വർഷമായി ജിയോയുടെ വളർച്ചയിൽ വിശ്വസ്തനായ ഉപദേഷ്ടാവായിരുന്ന ഡാൻ ബെയ്‌ലിയുടെ വരവ് കമ്പനിയുടെ ആഗോള വികാസത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് ആകാശ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.
കൺസൾട്ടിങ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലകളിൽ 35 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് ഡാൻ ബെയ്‌ലി. സിറ്റി ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി, എച്ച്എസ്ബിസി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഡൊയിച്ച് ബാങ്കിൽ ടിഎംടി വിഭാഗം ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ലോകത്തെ പ്രമുഖ കോർപ്പറേറ്റുകൾക്കായി നിരവധി വൻകിട ഇടപാടുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ടെലികോം മേഖലയിലെ ചരിത്രപരമായ പല മാറ്റങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
Also Read: വേഗതയിൽ വിസ്മയിപ്പിക്കാൻ ആപ്പിൾ; M5 മാക്ബുക്ക് എയർ, പ്രോ മോഡലുകൾ എത്തി, വില അറിയാം
ഇന്ത്യയിലെ 100 കോടിയിലധികം ആളുകളുടെ ഡിജിറ്റൽ ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ച ജിയോ, ഇനി അന്താരാഷ്ട്ര വിപണിയിലേക്കും തങ്ങളുടെ സാങ്കേതികവിദ്യകൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ അതിർവരമ്പുകൾക്ക് അപ്പുറത്തേക്ക് വളരാനുള്ള ജിയോയുടെ അടുത്ത ഘട്ടത്തിന് ഡാൻ ബെയ്‌ലിയുടെ നേതൃത്വം നിർണ്ണായകമാകും. ആഗോളതലത്തിൽ നൂതന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും കണക്റ്റിവിറ്റി സേവനങ്ങളും എത്തിക്കാനുള്ള റിലയൻസിന്റെ നീക്കങ്ങൾക്ക് ഈ നിയമനം കൂടുതൽ വേഗത നൽകും.
The post അതിർവരമ്പുകൾ ഭേദിച്ച് ജിയോ; ആഗോള വളർച്ചയ്ക്ക് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി എത്തുന്നു appeared first on Express Kerala.




