ഇറാൻ്റെ കൈവശം ‘ഡേർട്ടി ബോംബും’ സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച് നിർമ്മിച്ചെന്ന് റിപ്പോർട്ട്

ഇറാൻ്റെ കൈവശം ‘ഡേർട്ടി ബോംബും’ സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച് നിർമ്മിച്ചെന്ന് റിപ്പോർട്ട്

മേരിക്കൻ – ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ ഒരു റിപ്പോർട്ട് കണ്ട് ഡൊണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹവും നടുങ്ങിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും ലേറ്റസ്റ്റായ വാർത്ത. ഇറാൻ ഇതിനകം തന്നെ, അവരുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയും ഉപയോഗിച്ച് ആണവ ബോംബിന് പകരം ‘ഡേർട്ടി ബോംബ് ‘ നിർമ്മിച്ചു കഴിഞ്ഞതായാണ് സി.ഐ.എയും മൊസാദും സംശയിക്കുന്നത്. ഇറാന്റെ കൈവശമുള്ള 60% സമ്പുഷ്ടീകരിച്ച യുറേനിയം കൊണ്ട് ഇത്തരം വിനാശകാരികളായ ബോംബുകൾ ഉണ്ടാക്കാൻ എളുപ്പത്തിൽ കഴിയുമെന്നാണ് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഇത് പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ പുതിയ ഭയങ്ങൾ ഉയർത്തുന്നതാണ്.

ഒരു രാജ്യത്തിന് ആവശ്യത്തിന് റേഡിയോ ആക്ടീവ് വസ്തുക്കൾ, സ്ഫോടനാത്മക സാങ്കേതികവിദ്യ, ശാസ്ത്രീയ വൈദഗ്ദ്ധ്യം എന്നിവ ഉണ്ടെങ്കിൽ, അവർക്ക് തീർച്ചയായും ഒരു ഡേർട്ടി ബോംബ് വികസിപ്പിക്കാൻ കഴിയും. ഇറാന് നിലവിൽ ഒരു ആണവ പദ്ധതിയുണ്ട്, അതിനാൽ തന്നെ അത് നിർമ്മിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ച് കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ സംഘർഷത്തിന് ശേഷം, ഇറാൻ ഈ വഴിക്ക് നീങ്ങിയതായാണ് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മുൻപ് നടന്ന സംഘർഷത്തിൽ അമേരിക്കൻ ബി 2 ബോംബറുകൾ ഇറാൻ്റെ ആണവ നിലയത്തെ ആക്രമിച്ചിട്ട് പോലും സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അമേരിക്കയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയ ആക്രമണമായിരുന്നു അത്.

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി പറയുന്നത്, ഇറാനിൽ 440.9 കിലോഗ്രാം അതായത്, 972 പൗണ്ട്, ഉയർന്ന സമ്പുഷ്ടമായ യുറേനിയം ഇറാൻ്റെ കൈവശം ഉണ്ടെന്നാണ്. ഒരു ആണവായുധം നിർമ്മിക്കുന്നതിന്, റേഡിയോ ആക്ടീവ് ലോഹം 90% എന്ന ആയുധ-ഗ്രേഡ് ലെവലിൽ ആയിരിക്കണം വേണ്ടത്. നിലവിൽ ഇറാൻ്റെ കൈവശമുള്ള യുറേനിയത്തിൻ്റെ പരിശുദ്ധി എന്ന് പറയുന്നത് 60 ശതമാനമാണ്.

Also Read: ഇറാന്റെ പുതിയ ഇരുമ്പ് മുഷ്ടി; ഐ ആർ ജി സിയുടെ തലവനായി ഇനി അഹമ്മദ് വാഹിദി

ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുടെ അഭിപ്രായത്തിൽ, അത്തരം വസ്തുക്കൾ കൈവശം വയ്ക്കുന്നത് ഇറാൻ്റെ കൈവശം ഒരു ആണവായുധമുണ്ടെന്ന് അർത്ഥമാക്കുന്നില്ലെങ്കിലും കൂടുതൽ സമ്പുഷ്ടമാക്കിയാൽ നിരവധി ബോംബുകൾ നിർമ്മിക്കാൻ തീർച്ചയായും അവർക്ക് കഴിയും. ഈ രംഗത്തെ ഇറാൻ്റെ മുന്നേറ്റം എവിടെ എത്തി നിൽക്കുന്നു എന്നത് , ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിക്ക് മാത്രമല്ല അമേരിക്കയ്ക്കും ഇസ്രയേലിനും പോലും അറിയില്ലന്നതാണ് യാഥാർത്ഥ്യം.

നിലവിൽ, ഇറാനെതിരായ അമേരിക്കയുടെയും-ഇസ്രയേലിൻ്റെയും ആക്രമണങ്ങളും ഇറാൻ്റെ പ്രതികാര ആക്രമണങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ ഒരു ‘ഡേർട്ടി ബോംബ്’ പ്രയോഗിക്കുമോ എന്ന ചോദ്യം, പശ്ചിമേഷ്യയുടെ ചങ്കിടിപ്പ് ഏറ്റുന്നതാണ്. ഇനി നമുക്ക് ഡേർട്ടി ബോംബ് എന്ന് പറയുന്നത് എന്താണ് എന്ന് പരിശോധിക്കാം. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ‘ഡേർട്ടി ബോംബ്’ എന്നത് ഡൈനാമൈറ്റ് പോലുള്ള സാധാരണ സ്ഫോടകവസ്തുക്കളുമായി റേഡിയോ ആക്ടീവ് വസ്തുക്കളെ സംയോജിപ്പിക്കുന്ന ഒരു തരം റേഡിയോ ആക്ടീവ് ഡിസ്പേഴ്സൽ ഉപകരണമാണ്. ഇതിനെ RDD എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മിക്ക RDD-കളും മനുഷ്യരെ കൊല്ലാനോ ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കാനോ ആവശ്യമായ വികിരണം പുറപ്പെടുവിക്കുന്നില്ലെങ്കിലും, പരമ്പരാഗതമായ സ്ഫോടക റേഡിയോ ആക്ടീവ് വസ്തുക്കളേക്കാൾ, വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതാണ്. ഒരു RDD സ്ഫോടനം പരിഭ്രാന്തി സൃഷ്ടിക്കുകയും പ്രദേശം മലിനമാക്കുകയും ചെയ്യും ഇതുമൂലം ചെലവേറിയ മാലിന്യ നിർമാർജന ശ്രമങ്ങളാണ് ആവശ്യമായി വരിക.

ഒരു ഡേർട്ടി ബോംബിനെ ഒരിക്കലും നമ്മൾ ഒരു ന്യൂക്ലിയർ ബോംബായി തെറ്റിദ്ധരിക്കരുത്. കാരണം രണ്ടാമത്തേത് ഒരു ഡേർട്ടി ബോംബിനേക്കാൾ ഒരു ദശലക്ഷം മടങ്ങ് ശക്തമായ ഒരു സ്ഫോടനം സൃഷ്ടിക്കുന്നതാണ്. മറുവശത്ത് ഒരു ഡേർട്ടി ബോംബിൽ നിന്നുള്ള വികിരണം സ്ഫോടന സ്ഥലത്തിന്റെ ഏതാനും ബ്ലോക്കുകളിലോ മൈലുകളിലോ ആണ് ചിതറിക്കിടക്കുക. കൂടാതെ മലിനീകരണവും ഭയവും ഉണ്ടാക്കുന്നതിനാൽ ഇതിനെ “വൻതോതിലുള്ള തടസ്സപ്പെടുത്തലിന്റെ ആയുധം” എന്നാണ് പറയാറുള്ളത്.

ഡേർട്ടി ബോംബിൽ ഒരു സ്ഫോടകവസ്തുവിന് ചുറ്റും റേഡിയോ ആക്ടീവ് വസ്തുക്കൾ പായ്ക്ക് ചെയ്തിട്ടുണ്ട്. അത് ഡ്രോണുകൾ, വാഹനങ്ങൾ അല്ലെങ്കിൽ മിസൈലുകൾ വഴി പോലും കൊണ്ടുപോകാൻ കഴിയും എന്ന പ്രത്യേകതയുമുണ്ട്. ലക്ഷ്യത്തിലെത്തുമ്പോൾ സ്‌ഫോടകവസ്തു ശക്തമായ ഒരു സ്‌ഫോടനത്തിന് കാരണമാകുന്നു. ഇത് കൂട്ടക്കൊലയ്ക്ക് പകരം ഭീകരത, കുഴപ്പങ്ങൾ, സാമ്പത്തിക നാശനഷ്ടങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും കാരണമാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്നുവരെ ഒരു രാജ്യമോ രാഷ്ട്രേതര സംഘടനയോ യുദ്ധത്തിൽ ഡേർട്ടി ബോംബ് ഉപയോഗിച്ചിട്ടില്ല എന്നതാണ് ചരിത്രം.

നിലവിലുള്ള വസ്തുക്കളിൽ നിന്ന് ഇറാൻ ഈ ‘ ബോംബ്’ നിർമ്മിച്ചിട്ടുണ്ടെങ്കിൽ, തീർച്ചയായും അത് അവർ ഇത്തവണ ഇസ്രയേലിന് നേരെയും, അമേരിക്കൻ താവളങ്ങൾക്ക് നേരെയും ഉപയോഗിക്കും എന്നു തന്നെയാണ് അമേരിക്ക കരുതുന്നത്. അതു കൊണ്ടു തന്നെ, തന്ത്രപരമായ നീക്കം അനിവാര്യമാണ് എന്ന നിലപാടിലാണ് അമേരിക്കൻ സൈനിക ആസ്ഥാനമായ പെൻ്റഗൺ ഉള്ളത്. അതേസമയം, അമേരിക്കയെ കൂടുതൽ ആശങ്കപ്പെടുത്തുന്ന നീക്കവുമായി ഉത്തര കൊറിയയും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇറാൻ ആവശ്യപ്പെട്ടാൽ ആണവായുധം നൽകാൻ തയ്യാറാണ് എന്നാണ് ഉത്തര കൊറിയ പറയുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ ബോംബാക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് തന്നെ, ഉത്തരകൊറിയൻ പ്രസിഡൻ്റായ കിം ജോങ് ഉൻ സ്ഥിതി ഗൗരവമായി നിരീക്ഷിച്ച് വരികയാണ്.

Also Read: യുദ്ധവീര്യം തകർന്നു, ഇനി പ്രാർത്ഥന മാത്രം! ഇറാന്റെ തിരിച്ചടിയിൽ പ്രാർത്ഥനയിൽ അഭയം തേടി ട്രംപ്; ഓവൽ ഓഫീസിൽ പാസ്റ്റർമാരുടെ യാചന

5,000 ടൺ ഭാരമുള്ള പുതിയ നാവിക നശീകരണ കപ്പലിൽ നിന്ന് “തന്ത്രപരമായ ക്രൂയിസ് മിസൈലുകൾ” പരീക്ഷിച്ചു കൊണ്ട് അമേരിക്കയ്ക്ക് മുൻപിൽ പുതിയ പോർമുഖം കൂടിയാണ് ഉത്തര കൊറിയ ഇപ്പോൾ തുറന്നിരിക്കുന്നത്. കിം ജോങ് ഉൻ തന്നെയാണ് ഈ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചതെന്നാണ് ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 4ന് ചോ ഹ്യോൺ എന്ന നശീകരണ കപ്പലിൽ നിന്ന് കടലിൽ നിന്ന് കരയിലേക്ക് മിസൈലുകൾ വിക്ഷേപിക്കുന്നതാണ് കിം നിരീക്ഷിച്ചത്. തന്റെ രാജ്യത്തിനായുള്ള “കടൽ പ്രതിരോധത്തിന്റെ പുതിയ പ്രതീകം” എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെയും സഖ്യകക്ഷിയായ ദക്ഷിണ കൊറിയയുടെയും ഭീഷണികളെ ചെറുക്കാൻ സൈനികമായി ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഉത്തര കൊറിയ എല്ലാറ്റിനുമുപരി ആണവായുധ വികസനത്തിനും സൈനിക ശക്തിക്കുമാണ് വലിയ മുൻഗണന നൽകി വരുന്നത്.

അമേരിക്കയിൽ എത്താവുന്ന മിസൈൽ പോർമുനയും ആണവായുധവും ഉണ്ട് എന്ന ഒറ്റ കാരണത്താൽ മാത്രമാണ് ഉത്തര കൊറിയയെ അമേരിക്ക ആക്രമിക്കാതിരിക്കുന്നത്. ട്രംപ് ആദ്യമായി അമേരിക്കൻ പ്രസിഡൻ്റായ സമയത്ത്, അമേരിക്കയ്ക്ക് നേരെ ഉത്തര കൊറിയ ആണവ പോർമുന തിരിച്ച് വച്ചപ്പോൾ, ഓടി വന്ന് ചർച്ച നടത്തിയാണ് അന്ന് കിമ്മിൻ്റെ രോക്ഷം ട്രംപ് ക്ഷമിപ്പിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. കോമാളിയിൽ നിന്നും അപകടകാരിയായി ട്രംപ് മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. ഈ സാഹചര്യത്തിൽ, അമേരിക്കയെ പ്രഹരിക്കണം എന്ന ചിന്ത, ലോകത്തെ വിവിധ രാജ്യങ്ങളിൽ തന്നെ ശക്തമാണ്. അതു കൊണ്ടാണ് ഇപ്പോൾ നടക്കുന്ന ഈ യുദ്ധത്തിൽ പോലും, ഇറാന് വലിയ ജനകീയ പിന്തുണയും ലഭിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വ എതിർക്കുന്ന എല്ലാ ജനങ്ങളും ഇറാൻ്റെ വിജയമാണ് ആഗ്രഹിക്കുന്നത്. ഉത്തര കൊറിയൻ ഭരണാധികാരിയും അതു തന്നെയാണ് ആഗ്രഹിക്കുന്നത്. അതു കൊണ്ടാണ് ആണവായുധം നൽകാൻ പോലും തയ്യാറാണെന്ന് കിം ജോങ് ഉൻ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.

 Express View

വീഡിയോ കാണാം…

The post ഇറാൻ്റെ കൈവശം ‘ഡേർട്ടി ബോംബും’ സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച് നിർമ്മിച്ചെന്ന് റിപ്പോർട്ട് appeared first on Express Kerala.

Spread the love
Scroll to Top