‘നിരുപാധികം കീഴടങ്ങുക’; ചർച്ചകൾക്കില്ലെന്ന് ട്രംപ്, വിട്ടുവീഴ്ചയില്ലെന്ന് ഇറാനും

‘നിരുപാധികം കീഴടങ്ങുക’; ചർച്ചകൾക്കില്ലെന്ന് ട്രംപ്, വിട്ടുവീഴ്ചയില്ലെന്ന് ഇറാനും

റാനെതിരായ സൈനിക നീക്കം ശക്തമായി തുടരുന്നതിനിടെ, നിരുപാധികമായ കീഴടങ്ങലല്ലാതെ മറ്റൊരു ചർച്ചയ്ക്കും താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ തോൽവി സമ്മതിച്ചാൽ മാത്രമേ ഇനി എതെങ്കിലും തരത്തിലുള്ള ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്ന് ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം അറിയിച്ചു. നിലവിലെ നേതൃത്വം മാറി തനിക്ക് സ്വീകാര്യമായ പുതിയ ഭരണകൂടം വരികയാണെങ്കിൽ തകർന്നടിഞ്ഞ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കാൻ അമേരിക്ക സഹായിക്കുമെന്നും ‘ഇറാനെ വീണ്ടും മഹത്തരമാക്കുക’ എന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ, രാജ്യത്തിന്റെ പരമാധികാരത്തിലും അന്തസ്സിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. മേഖലയിൽ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നിലപാട് തുടരും. സമാധാനത്തിനായി ചില രാജ്യങ്ങൾ മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമാണെങ്കിലും അത് രാജ്യത്തിന്റെ സ്വാഭിമാനം പണയപ്പെടുത്തിക്കൊണ്ടാകില്ലെന്ന കർശന നിലപാടിലാണ് ഇറാൻ.

Also Read: ഇറാന്റെ പുതിയ ഇരുമ്പ് മുഷ്ടി; ഐ ആർ ജി സിയുടെ തലവനായി ഇനി അഹമ്മദ് വാഹിദി

അതേസമയം, നാല് ദിവസത്തെ ആക്രമണത്തിലൂടെ ഇറാന്റെ സൈനിക ശേഷി തകർക്കാൻ കഴിഞ്ഞുവെന്ന് അമേരിക്കൻ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു. അമേരിക്ക യുദ്ധത്തിൽ വിജയം ഉറപ്പിച്ചുവെന്നും ഓരോ മണിക്കൂറിലും ഇറാന്റെ പ്രത്യാക്രമണ ശേഷി ഇല്ലാതാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും മേഖലയിലേക്ക് അയക്കാൻ അമേരിക്ക തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

The post ‘നിരുപാധികം കീഴടങ്ങുക’; ചർച്ചകൾക്കില്ലെന്ന് ട്രംപ്, വിട്ടുവീഴ്ചയില്ലെന്ന് ഇറാനും appeared first on Express Kerala.

Spread the love
Scroll to Top