പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനിടയിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വർദ്ധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ.അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഇന്ധനശേഖരം സുരക്ഷിതമാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാല്‍, പാചകവാതക വിലയില്‍ ശനിയാഴ്ച മുതല്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തി.
രാജ്യത്തെ പെട്രോളിയം ശേഖരം സുസ്ഥിരമാണെന്നും വിതരണത്തിലുണ്ടാകാൻ സാധ്യതയുള്ള ഏത് തടസ്സത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. റഷ്യയില്‍ നിന്നുള്ള ദ്രാവക പ്രകൃതിവാതകം വാങ്ങുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യൻ ക്രൂഡ് ഓയില്‍ കാർഗോകള്‍ വാങ്ങുന്നതിനായി അമേരിക്ക 30 ദിവസത്തെ താല്‍ക്കാലിക ഇളവ് അനുവദിച്ചത് ഇന്ത്യയ്ക്ക് വലിയ ഗുണകരമാകും. ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ സൗദി അറേബ്യയിലെ യാംബുവില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കും.
പെട്രോള്‍ വിലയില്‍ ആശ്വാസം നിലനില്‍ക്കുമ്പോഴും പാചകവാതക ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി വില വർദ്ധനവ് പ്രാബല്യത്തില്‍ വന്നു.
അന്താരാഷ്ട്ര തലത്തില്‍ ഊർജ്ജ ചെലവ് വർദ്ധിച്ചതാണ് പാചകവാതക വില ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശനിയാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.



