loader image

ഗുരുവായൂർ ഉത്സവത്തിന് ആറാട്ടോടെ സമാപനം

ഗുരുവായൂർ:ജനസഹസ്രങ്ങളെ സാക്ഷിയാക്കി ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. തിങ്കളാഴ്‌ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ ഗുരുവായൂരിനെ ആഹ്ലാദാരവങ്ങളാൽ മുഖരിതമാക്കിയ ഉത്സവത്തിന് സമാപനമായത്‌. വൈകിട്ട് നാലോടെ ആറാട്ടിന്റെ അനുബന്ധ ചടങ്ങുകൾക്ക് തുടക്കമായി. വൈകിട്ട് അഞ്ചിന് തന്ത്രി ചേന്നാസ് പി സി ദിനേശൻ നമ്പൂതിരിപ്പാട് പഞ്ചലോഹ വിഗ്രഹം കൊടിമരച്ചുവട്ടിൽ പഴുക്കാമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചശേഷം കീഴ്‌ശാന്തി ചെറുതയൂർ അജിത് നമ്പൂതിരി ദീപാരാധന നടത്തി. ശേഷം ഗ്രാമപ്രദക്ഷിണം തുടങ്ങി. ഗുരുവായൂർ ദാമോദർദാസ് പഞ്ചലോഹ തിടമ്പോടുകൂടിയ സ്വർണക്കോലമേറ്റി. വാളും, പരിചയും ഏന്തിയ കൃഷ്ണനാട്ടം കലാകാരൻമാരുടെ അകമ്പടിയോടെ ചോറ്റാനിക്കര വിജയൻ മാരാർ, പരയ്ക്കാട് തങ്കപ്പൻ, കുനിശേരി അനിയൻ മാരാർ, ചെർപ്പുളശേരി ശിവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെയാണ് ഗ്രാമപ്രദക്ഷിണം ആരംഭിച്ചത്. തുടർന്ന് വടക്കേ നടയ്ക്കൽ എഴുന്നള്ളിച്ചു നിർത്തിയശേഷം പഞ്ചവാദ്യം അവസാനിപ്പിച്ച് പെരുവനം കുട്ടൻമാരാർ, തിരുവല്ല രാധാകൃഷ്ണൻ, ചൊവ്വല്ലൂർ മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം തുടങ്ങി. പ്രദക്ഷിണം കഴിഞ്ഞ് വിഗ്രഹവുമായി രാത്രി പത്തോടെ ക്ഷേത്രത്തിലൂടെ ആറാട്ട് കടവിലെത്തി. പുണ്യാഹത്തിനുശേഷം പഞ്ചലോഹത്തിൽ തീർത്ത ശ്രീകൃഷ്ണ വിഗ്രഹം ആനയിച്ചു. തന്ത്രി ചേന്നാസ് പി സി നമ്പൂതിരിപ്പാട് വിഗ്രഹവുമായി തീർഥക്കുളത്തിൽ സ്‌നാനം ചെയ്തു. ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ വാതിൽ മാടത്തിൽ ഉച്ചപ്പൂജ നിവേദ്യത്തിന് ശേഷം വിഗ്രഹവുമായി ആനപ്പുറത്ത് 11 ഓട്ടപ്രദിക്ഷണം നടത്തി. അർധരാത്രി തന്ത്രി ചേന്നാസ് പി സി ദിനേശൻ നമ്പൂതിരിപ്പാട് ഉത്സവം കൊടിയിറക്കി. ആറാട്ടിന്റെ ഭാഗമായി ഗ്രാമപ്രദക്ഷിണത്തിനിറങ്ങിയപ്പോൾ ജാതി മതഭേദമില്ലാതെ ഗുരുവായൂർ ക്ഷേത്രപാതകളിൽ ആയിരക്കണക്കിന് നിറപറകളുമായി സ്വീകരിക്കാൻ നിരന്നു.

Spread the love
See also  സംസ്ഥാന ഗതാഗത പദ്ധതിക്ക് കീഴിലുള്ള തൃശൂർ - കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം ഈ മാസം 30നകം പൂർത്തിയാക്കും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close