തിരുവനന്തപുരം: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടൻ മമ്മൂട്ടി പറഞ്ഞ ഒരു കാര്യത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടി പറഞ്ഞതിനെ എന്തും വിവാദമാക്കാൻ നടക്കുന്നവർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മമ്മൂട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നു. അതിൽ അദ്ദേഹത്തിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകിച്ച് സിപിഐഎമ്മിൻ്റെ ഏതെങ്കിലും ആളുകൾക്ക് ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.’വയനാട് ടൗൺഷിപ്പ് കാണാൻ ആരും ക്ഷണിക്കാതെ തന്നെ ഒരുപാട് ആളുകൾ എത്തി. അങ്ങനെ വന്ന ഒരാളാണ് മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി. ആരെയും ക്ഷണിക്കാതെ തന്നെ ഒരുപാട് ആളുകൾ എത്തി. അങ്ങനെ വന്ന ഒരാളാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ആരെയും അറിയിച്ചുകൊണ്ടായിരുന്നില്ല മമ്മൂട്ടിയുടെ സന്ദർശനം. വരണമെന്ന് തോന്നി അദ്ദേഹം എത്തിയതാണ്. എല്ലാഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന പ്രമുഖ സ്ഥാനത്തുള്ളവരിൽ ഒരാളാണ് മമ്മൂട്ടി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം ഇടപഴകുന്നുണ്ട്. അന്നേ ദിവസം ചെന്നൈയിൽ നിന്ന് നന്നേ കാലത്ത് കോഴിക്കോട് എത്തിയ ശേഷമാണ് അദ്ദേഹം വയനാട്ടിൽ എത്തുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് സ്വാഭാവികമെന്ന നിലയിൽ മമ്മൂട്ടി പറഞ്ഞ ഒരു കാര്യത്തെയാണ് വിവാദമാക്കിയത്. കേരളത്തിൽ എന്തും വിവാദമാക്കാൻ നടക്കുന്നവരുണ്ടല്ലോ. അവർക്ക് അവസരമുണ്ടാക്കി കൊടുക്കരുത് എന്ന സദുദ്ദേശത്തോടെയായിരുന്നു മമ്മൂട്ടി അക്കാര്യം പറഞ്ഞത്. ഒരു ക്യാമറയ്ക്ക് മുന്നിലും പറഞ്ഞതല്ല അത്. ശരീരത്തിൽ ക്യാമറ വെച്ച് നടക്കുന്ന നിരവധി പേരുണ്ട്. അങ്ങനെ ഒരാൾ അവിടെയുണ്ടായിരുന്നു. ഇത് വിവാദമാക്കാൻ താത്പര്യമുള്ളവർ വലിയ തോതിൽ വിവാദമാക്കി. മമ്മൂട്ടി അപമാനിച്ചു, ക്ഷുഭിതനായി എന്നുള്ള വാർത്തകൾ വന്നു. മമ്മൂട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നു. എന്തൊരു നിർഭാഗ്യകരമായ സ്ഥിതിയാണിത്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവർത്തിയായിരുന്നു ആ യാത്ര. എന്നിട്ടും അത് വിവാദമാക്കി. സിപിഐഎമ്മിന്റെ സോഷ്യൽ മീഡിയ പോരാളികൾ മമ്മൂട്ടിയെ ആക്രമിച്ചു എന്ന് വാർത്തകൾ വന്നു. റഫീഖ് അതിൽ കൃത്യമായ പ്രതികരണമാണ് നടത്തിയത്. ഒരു അധിക്ഷേപവും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ നമ്മുടെ നാടിന് ഗുണകരം അല്ല. നന്മയുടെ കൂടെ നിൽക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



