
ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയത് അങ്ങേയറ്റത്തെ മര്യാദകേടാണെന്നും കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. മര്യാദകേടിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു.
വകുപ്പ് മന്ത്രിയെ ക്ഷണിക്കുക എന്നത് പ്രാഥമികമായ നടപടിക്രമമാണെന്നും അത് പാലിക്കാത്തത് മതനിരപേക്ഷ കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജേഷ് കുറ്റപ്പെടുത്തി. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ച വിവരം ഇന്നലെയാണ് അറിഞ്ഞതെന്നും, എന്നാൽ നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ച് പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ സന്ദർശനത്തിനിടെ എസ്പിജി കാട്ടിയ വിവേചനവും അദ്ദേഹം വെളിപ്പെടുത്തി. എസ്പിജി പാസിന് പുറമെ ആധാർ കാർഡ് ചോദിച്ച് തന്നെ തടഞ്ഞപ്പോൾ അന്ന് ബഹിഷ്കരിക്കാൻ ഒരുങ്ങിയതാണെന്നും പിന്നീട് ആ നിബന്ധന ഒഴിവാക്കിയതിനാലാണ് പങ്കെടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read:ദേശീയപാത ഉദ്ഘാടനം രാഷ്ട്രീയപ്പോരിലേക്ക്; ഫ്ലക്സുകൾ നീക്കി കോർപ്പറേഷൻ, ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ
ദേശീയപാതയുടെ കാര്യത്തിൽ കേരളത്തിന് മേൽ മാത്രം അധിക ബാധ്യത അടിച്ചേൽപ്പിക്കുന്ന കേന്ദ്രം, എല്ലാ കാര്യങ്ങളിലും വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപി പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും ഇതിന് കേരളത്തിലെ ജനങ്ങൾ അർഹമായ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു. എം.ബി. രാജേഷിനൊപ്പം മന്ത്രി കെ. കൃഷ്ണൻകുട്ടിയും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും. ആരോഗ്യപ്രശ്നങ്ങളാൽ പങ്കെടുക്കില്ലെന്നാണ് കൃഷ്ണൻകുട്ടി അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ചടങ്ങിൽ എത്തില്ലെന്നാണ് വിവരം.
The post ഇത് കേരളത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിന്റെ മര്യാദകേടിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.ബി. രാജേഷ് appeared first on Express Kerala.



