
സൗദി അറേബ്യയിൽ താമസ-തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 8,104 പേരെ നാടുകടത്തിയതായി മന്ത്രാലയം അറിയിച്ചു.
നിയമലംഘകരെ കണ്ടെത്തുന്നതിനായി നടത്തിയ വിപുലമായ സംയുക്ത ഫീൽഡ് പരിശോധനയിൽ ആകെ 21,320 പേരാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ഇതിൽ താമസ നിയമം ലംഘിച്ച 15,339 പേരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 3,687 പേരും തൊഴിൽ നിയമങ്ങൾ ലംഘിച്ച 2,294 പേരും ഉൾപ്പെടുന്നു. പിടിയിലായവരിൽ വലിയൊരു വിഭാഗം ഇത്യോപ്യൻ, യമൻ പൗരന്മാരാണ്.
Also Read:ഗൾഫിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ദുബായിൽ ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം
നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 14,363 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ 2,206 പേരെ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി റഫർ ചെയ്യുകയും ചെയ്തു. നിലവിൽ 19,965 പുരുഷന്മാരും 1,608 സ്ത്രീകളും ഉൾപ്പെടെ ആകെ 21,573 വിദേശികളാണ് വിവിധ ശിക്ഷാ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും അവർക്ക് താമസസൗകര്യമോ ജോലിയോ നൽകി സഹായിക്കുന്നവർക്കും എതിരെ കടുത്ത ശിക്ഷാ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.
The post സൗദിയിൽ നിയമലംഘകർക്ക് കുരുക്ക് മുറുകുന്നു; ഒരാഴ്ചയ്ക്കിടെ എണ്ണായിരത്തിലധികം പേരെ നാടുകടത്തി appeared first on Express Kerala.




