
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ നിയന്ത്രണങ്ങളും ക്ഷാമഭീതിയും ശക്തമായതോടെ ബദൽ മാർഗങ്ങൾ തേടി മലയാളികൾ. അടുക്കളയിലെ പ്രതിസന്ധി മറികടക്കാൻ ഇൻഡക്ഷൻ കുക്കറുകളെയാണ് ഭൂരിഭാഗം പേരും ഇപ്പോൾ ആശ്രയിക്കുന്നത്. ഗൃഹോപകരണ വിപണിയിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കഴിഞ്ഞ ശനിയാഴ്ച മുതൽ ഇൻഡക്ഷൻ കുക്കറുകളുടെ വിൽപനയിൽ അസാധാരണമായ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ഒരു ദിവസം ശരാശരി 35 മുതൽ 40 വരെ യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 150-ഓളം ഇൻഡക്ഷൻ കുക്കറുകളാണ് പല ഷോറൂമുകളിലും വിറ്റുപോകുന്നത്. ആയിരം രൂപ മുതലുള്ള വിവിധ മോഡലുകൾ വിപണിയിൽ ലഭ്യമാണ്. കച്ചവടം വർദ്ധിച്ചതോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പിച്ച ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
ചായയിടാനും വെള്ളം തിളപ്പിക്കാനും മാത്രമല്ല, പൂർണ്ണമായ പാചകത്തിനും ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിച്ചു തുടങ്ങിയതോടെ ഗ്യാസ് സിലിണ്ടറുകളെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഒരു പരിധിവരെ പരിഹാരമായിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇൻഡക്ഷൻ കുക്കറുകൾക്കും അനുബന്ധ പാത്രങ്ങൾക്കും ഡിമാൻഡ് വർദ്ധിക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. എൽപിജി പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഓരോ വീട്ടിലും ഇൻഡക്ഷൻ കുക്കർ അനിവാര്യമായി മാറിയിരിക്കുകയാണ്.
The post എൽപിജി ക്ഷാമം! വിപണിയിൽ തരംഗമായി ഇൻഡക്ഷൻ കുക്കറുകൾ; വിൽപ്പനയിൽ വൻ വർദ്ധനവ് appeared first on Express Kerala.




