
ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ xAI-ൽ ഇന്ത്യൻ എഐ ഗവേഷകൻ ദേവേന്ദ്ര സിങ് ചപ്ലോട്ട് ചേർന്നു. സൂപ്പർ ഇന്റലിജൻസ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ മസ്‌കിന്റെ ടീമിനൊപ്പം ചേരുന്നതെന്ന് ദേവേന്ദ്ര എക്‌സിലൂടെ (X) വെളിപ്പെടുത്തി. ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. xAI-ലേക്ക് ദേവേന്ദ്രയെ സ്വാഗതം ചെയ്തുകൊണ്ട് മസ്‌കും നേരിട്ട് പ്രതികരിച്ചിട്ടുണ്ട്.
എഐ രംഗത്ത് മികച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ദേവേന്ദ്ര സിങ്. ഐഐടി ബോംബെയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ അദ്ദേഹം, കാർനെഗീ മെലൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഷീൻ ലേണിംഗിൽ മാസ്റ്റേഴ്സും പിഎച്ച്ഡിയും പൂർത്തിയാക്കി. ഓപ്പൺ എഐ മുൻ സിടിഒ മീര മുരാത്തിയുടെ ‘തിങ്കിംഗ് മെഷീൻ ലാബ്‌സ്’, പ്രമുഖ എഐ കമ്പനിയായ ‘മിസ്ട്രൽ എഐ’ എന്നിവയുടെ സ്ഥാപക ടീമുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഫേസ്ബുക്കിന്റെ (മെറ്റ) എഐ ഗവേഷണ വിഭാഗത്തിലും സാംസങ്ങിലും പ്രവർത്തിച്ച പരിചയസമ്പത്തും ഇദ്ദേഹത്തിനുണ്ട്.
xAI-യുടെ പുനരുദ്ധാരണ ഘട്ടത്തിലാണ് ഈ പുതിയ നിയമനം എന്നത് ശ്രദ്ധേയമാണ്. ഒപ്റ്റിമസ് റോബോട്ടിന്റെ ഡിജിറ്റൽ പതിപ്പ് ലക്ഷ്യമിട്ടുള്ള ‘മാക്രോഹാർഡ്’ പദ്ധതിയുൾപ്പെടെ നിരവധി നൂതന പരീക്ഷണങ്ങളിലേക്ക് മസ്‌ക് കടക്കുകയാണ്. മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പർ ഇന്റലിജൻസ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, ദേവേന്ദ്രയെപ്പോലുള്ള അനുഭവസമ്പന്നരായ ഗവേഷകരുടെ സാന്നിധ്യം xAI-ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The post മസ്‌കിന്റെ xAI-ൽ നിർണ്ണായക പദവിയിലേക്ക് ഐഐടി ബോംബെ ബിരുദധാരി ദേവേന്ദ്ര സിങ് appeared first on Express Kerala.




