
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ എൽ.ഡി.എഫ് പദവികളിൽ നിന്ന് നീക്കം ചെയ്തു. ആറന്മുള മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുടെ ചുമതലയിൽ നിന്നാണ് അദ്ദേഹത്തെ മാറ്റിയത്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരമാണ് നടപടി. പകരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരന് പുതിയ ചുമതല നൽകി. പത്മകുമാറിനെതിരായ സംഘടനാ നടപടികൾ ആലോചിക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം നാളെ ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനാണ് നിലവിൽ സാധ്യത കാണുന്നത്.
അതേസമയം, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചതല്ലാതെ അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും പത്മകുമാർ പാർട്ടിയ്ക്ക് വിശദീകരണം നൽകി. തപാലിലൂടെയാണ് പത്തനംതിട്ട ജില്ലാ നേതൃത്വം അദ്ദേഹത്തോട് വിശദീകരണം തേടിയത്. ദൂതൻ മുഖേനയാണ് അദ്ദേഹം മറുപടി കൈമാറിയത്. സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ പോയപ്പോഴും പിന്നീട് പുറത്തിറങ്ങിയപ്പോഴും അദ്ദേഹം സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പത്മകുമാറിനെതിരായ വരുംദിവസങ്ങളിലെ പാർട്ടി നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
The post ശബരിമല സ്വർണ്ണക്കൊള്ള കേസ്! എ. പത്മകുമാറിനെ ആറന്മുള മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി appeared first on Express Kerala.




