98-ാമത് ഓസ്കർ പുരസ്കാരങ്ങൾ! ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറിന്’ മികച്ച തുടക്കം

98-ാമത് ഓസ്കർ പുരസ്കാരങ്ങൾ! ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറിന്’ മികച്ച തുടക്കം

ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ 98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് ആവേശകരമായ തുടക്കം. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് അവാർഡ് നിശ സംഘടിപ്പിച്ചിരിക്കുന്നത്. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്സും’ വമ്പൻ പ്രതീക്ഷകളുമായെത്തിയ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഓസ്കർ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ‘സിന്നേഴ്സ്’ മത്സരരംഗത്തുള്ളത്.

പ്രധാന വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങിയപ്പോൾ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രം മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രശസ്ത നടൻ ഷോൺ പെൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ഇതേ ചിത്രത്തിനായി പോൾ തോമസ് ആൻഡേഴ്സൺ സ്വന്തമാക്കിയപ്പോൾ, മികച്ച കാസ്റ്റിംഗിനുള്ള ഓസ്കറും ഈ ചിത്രം തന്നെ നേടി. മികച്ച ആനിമേഷൻ ചിത്രമായി ‘കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്’ തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു പ്രധാന പുരസ്കാരങ്ങളിൽ ‘വെപ്പൺസ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മുതിർന്ന നടി എമി മാഡിഗൺ മികച്ച സഹനടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലറുടെ ‘സിന്നേഴ്സി’നാണ് ലഭിച്ചത്. 24 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ ഇനിയും പ്രധാന പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. യുദ്ധപ്പുകമറയ്ക്കിടയിലും ലോകസിനിമയുടെ ഈ മഹാമേള ആവേശത്തോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.

The post 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ! ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറിന്’ മികച്ച തുടക്കം appeared first on Express Kerala.

Spread the love
Scroll to Top