
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ബാക്കിയുള്ള 37 സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ 55 മണ്ഡലങ്ങളിലെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഡൽഹിയിൽ സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ചേർന്ന് അന്തിമ ഘട്ട ചർച്ചകൾ നടത്തുകയാണ്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പാർട്ടിനുള്ളിൽ തർക്കം രൂക്ഷമായത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.
കണ്ണൂർ സീറ്റിനായി കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ, സീറ്റ് നിഷേധിച്ചാൽ തന്റെ ഭാവി നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മത്സരരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിറ്റിംഗ് എംപിമാരെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന പ്രത്യേകതയും ഈ പട്ടികയ്ക്കുണ്ട്.
Also Read:കണ്ണൂരിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം; കെ. സുധാകരൻ ഇടയുന്നു, ആദ്യ പട്ടികയിൽ പേരില്ല
പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ അവിടെയും അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, പ്രമുഖ നേതാക്കളായ വി.ഡി. സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), കെ. മുരളീധരൻ (വട്ടിയൂർക്കാവ്), രമേശ് പിഷാരടി (പാലക്കാട്) തുടങ്ങിയവർ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സണ്ണി ജോസഫ് (പേരാവൂർ), ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), എം. വിൻസന്റ് (കോവളം) എന്നിവരും പട്ടികയിലുണ്ട്. ഇന്നത്തെ ഉന്നതതല യോഗങ്ങൾക്ക് ശേഷം വൈകുന്നേരത്തോടെ പൂർണ്ണരൂപത്തിലുള്ള പട്ടിക പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post കോൺഗ്രസ് രണ്ടാംഘട്ട പട്ടിക ഇന്ന്; കെ. സുധാകരന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു appeared first on Express Kerala.




