
മലയാള സിനിമയിൽ നിന്നും പാൻ ഇന്ത്യൻ തലത്തിലേക്ക് കുതിക്കാനൊരുങ്ങുന്ന ‘വവ്വാൽ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ സിനിമാ ലോകത്ത് തരംഗമാകുന്നു. ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പ്രശസ്ത നടൻ വേട്ടൈ മുത്തുകുമാറിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ‘സരപ്പാട്ട പരമ്പര’, ‘മഹാൻ’, ‘പേട്ട’ തുടങ്ങിയ വമ്പൻ തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ മുത്തുകുമാർ, വവ്വാലിലും അതിശക്തമായ ഒരു മാസ് കഥാപാത്രമായാണ് എത്തുന്നത്. നാടക കളരിയിൽ നിന്നും എത്തിയ അദ്ദേഹത്തിന്റെ അഭിനയ മികവിനെയും അർപ്പണബോധത്തെയും പ്രശംസിച്ചുകൊണ്ട് സംവിധായകൻ ഷഹ്മോൻ ബി. പറേലിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Also Read: ഇത് അത്ഭുത ചിത്രം; 10 കോടി ബജറ്റിൽ 70 കോടി കളക്ഷനുമായി രാധികയുടെ ‘തായ് കിഴവി’
ഷഹ്മോൻ ബി. പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ‘പോയട്രിക്കൽ ആക്ഷൻ ത്രില്ലർ’ ആയാണ് ഒരുങ്ങുന്നത്. മുത്തുകുമാറിനെ കൂടാതെ മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, ലെവിൻ സൈമൺ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ് തുടങ്ങി മുപ്പതിലധികം പ്രശസ്ത താരങ്ങളാണ് അണിനിരക്കുന്നത്. ഓരോ അപ്ഡേഷനും പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്ന ചിത്രം, വരാനിരിക്കുന്ന 2026 വേനലവധിക്ക് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഓൺഡിമാൻഡ്സിന്റെ ബാനറിൽ ഷാമോൻ പി. ബി നിർമ്മിക്കുന്ന ഈ ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നായിരിക്കും. മനോജ് എം. ജെ ഛായാഗ്രഹണവും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. ജോൺസൺ പീറ്ററാണ് സംഗീതം. നോക്കൗട്ട് നന്ദ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ഗൺ രാജേന്ദ്രന്റെ ഫയർ ആൻഡ് ഗൺ മേൽനോട്ടവും ചിത്രത്തിന് വലിയൊരു ആക്ഷൻ വിരുന്ന് തന്നെ സമ്മാനിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്നേഹം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മലയാള സിനിമയിൽ ഒരു വലിയ തീയേറ്റർ ഓളം സൃഷ്ടിക്കാൻ വവ്വാലിന് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
The post ‘വവ്വാലിൽ’ തീപ്പൊരിയായി മുത്തുകുമാർ! വൈറലായി ക്യാരക്ടർ പോസ്റ്റർ; ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 2026 വേനലവധിക്ക് appeared first on Express Kerala.




