കോഴിക്കോട് ഷിഗല്ല ഭീതി! മൂന്നര വയസ്സുകാരി മരിച്ചു; അങ്കണവാടി കുട്ടികൾക്കും രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗല്ല ഭീതി! മൂന്നര വയസ്സുകാരി മരിച്ചു; അങ്കണവാടി കുട്ടികൾക്കും രോഗലക്ഷണങ്ങൾ

കോഴിക്കോട്: ജില്ലയിൽ ഷിഗല്ല ബാക്ടീരിയ ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടി കഴിഞ്ഞ ഞായറാഴ്ചയാണ് മരണപ്പെട്ടതെങ്കിലും പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണം ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് അടിയന്തര പ്രതിരോധ നടപടികൾ ആരംഭിച്ചു.

മരിച്ച പെൺകുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇതിൽ ഒരു കുട്ടിയെ കോഴിക്കോട്ടും രണ്ട് കുട്ടികളെ നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ഈ പ്രദേശത്ത് രോഗം പടർന്നത് എന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തിവരികയാണ്.

Also Read:ബാറ്ററി ഊരിമാറ്റിയിട്ടും മീൻ ലോറിക്ക് തീപിടിച്ചു! വിഴിഞ്ഞത്ത് ഒഴിവായത് വൻ ദുരന്തം

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, മലത്തോടൊപ്പം രക്തം കാണപ്പെടുക എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. മലിനമായ ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്ടീരിയ പ്രധാനമായും പകരുന്നത്. സാധാരണഗതിയിൽ രണ്ട് മുതൽ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു.

The post കോഴിക്കോട് ഷിഗല്ല ഭീതി! മൂന്നര വയസ്സുകാരി മരിച്ചു; അങ്കണവാടി കുട്ടികൾക്കും രോഗലക്ഷണങ്ങൾ appeared first on Express Kerala.

Spread the love
Scroll to Top