23 സീറ്റുകളിൽ ബിഡിജെഎസ്; രണ്ടാംഘട്ട പട്ടിക പുറത്ത്, ഇരവിപുരത്ത് സജി ഡി ആനന്ദ്

23 സീറ്റുകളിൽ ബിഡിജെഎസ്; രണ്ടാംഘട്ട പട്ടിക പുറത്ത്, ഇരവിപുരത്ത് സജി ഡി ആനന്ദ്

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി. എൻഡിഎ മുന്നണിയുടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസ് ആകെ 23 സീറ്റുകളിലാണ് ഇത്തവണ ജനവിധി തേടുന്നത്. ആദ്യഘട്ടത്തിൽ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക കൂടി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പുറത്തുവിട്ടു.

ഇരവിപുരം മണ്ഡലത്തിൽ മുൻ ആർഎസ്പി നേതാവ് സജി ഡി ആനന്ദ് ബിഡിജെഎസ് സ്ഥാനാർത്ഥിയാകും. കഴിഞ്ഞ തവണ 21 സീറ്റുകളിൽ മത്സരിച്ച ബിഡിജെഎസിന് ഇത്തവണ രണ്ട് സീറ്റുകൾ അധികമായി ലഭിച്ചിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ കുട്ടനാട് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുഷാർ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു. കുട്ടനാട്ടിൽ എൽഡിഎഫിന്റേതും യുഡിഎഫിന്റേതും പേയ്മെന്റ് സീറ്റുകൾ ആണെന്നും, യുഡിഎഫ് സ്ഥാനാർത്ഥി മണ്ഡലത്തിൽ വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നത് അവർക്ക് ദോഷം ചെയ്യുമെന്നും, പ്രചാരണത്തിന് മതിയായ സമയം ലഭിക്കാത്ത സാഹചര്യം യുഡിഎഫിൽ നിലനിൽക്കുന്നുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പരിഹസിച്ചു.

Also Read: വി. അബ്ദുറഹിമാൻ തിരൂരിലേക്ക്; താനൂർ വിട്ട് മണ്ഡലം മാറാൻ ഒരുങ്ങി മന്ത്രി

ബിഡിജെഎസ് സ്ഥാനാർത്ഥി മണ്ഡലക്കാരനാണെന്നത് തങ്ങൾക്ക് മുൻതൂക്കം നൽകുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വര്‍ക്കലയിൽ അഡ്വ. ശ്രീനിവാസൻ വേണുഗോപാൽ, കോന്നിയിൽ ടിപി സുന്ദരശേൻ, ചേര്‍ത്തലയിൽ അഡ്വ. ആനന്ദരാജ് ടിപി, ഇടുക്കിയിൽ അഡ്വ. പ്രദീഷ് പ്രഭ, കളമശ്ശേരിയിൽ എംപി ബിനു, കോതമംഗലം അജി നാരായണൻ, മണ്ണാര്‍ക്കാട് ഐസക്ക് വര്‍ഗീസ്, കൈപ്പമംഗലം അതുല്യ ഘോഷ്, പൊന്നാനി ഇ മനീഷ് എന്നിവരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിഡിജെഎസ് ഇന്ന് പ്രഖ്യാപിച്ചത്.

The post 23 സീറ്റുകളിൽ ബിഡിജെഎസ്; രണ്ടാംഘട്ട പട്ടിക പുറത്ത്, ഇരവിപുരത്ത് സജി ഡി ആനന്ദ് appeared first on Express Kerala.

Spread the love
Scroll to Top