
കോഴിക്കോട്: വടക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത വേനൽമഴ. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീടിന്പുറത്ത് നിൽക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറ്റ്യാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശമുണ്ടായി. കവിലുംപാറയിൽ പവിത്രൻ എന്ന കർഷകന്റെ ആയിരത്തോളം കുലച്ച ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. കൊയിലാണ്ടിയിൽ മരക്കൊമ്പ് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വീടുകളുടെ മേൽക്കൂര തകർന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം എടവണ്ണയിലും പരിസരപ്രദേശങ്ങളിലും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
Also Read: ജോലി വാഗ്ദാനം ചെയ്ത് പീഡനം; കൗൺസിലർ പ്രശോഭ് സി വത്സനെതിരെ കേസെടുത്ത് പൊലീസ്
അടുത്ത മൂന്ന് മണിക്കൂർ കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മരങ്ങൾക്കും വൈദ്യുത പോസ്റ്റുകൾക്കും താഴെ നിൽക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
The post വേനൽമഴയിൽ കുളിർത്ത് കേരളം; മലപ്പുറത്തും കോഴിക്കോടും കാറ്റിലും മഴയിലും കനത്ത നഷ്ടം appeared first on Express Kerala.




