തൃപ്രയാർ : ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണത്തിൻ്റെ ഭാഗമായി തേവർ സ്വന്തം പള്ളിയോടത്തിൽ പുഴ കടന്നു. ഇന്നലെ രാവിലെ പുത്തൻകുളത്തിൽ ആറാട്ടും സമൂഹമഠത്തിൽ പറയും നടത്തിയ ശേഷം വൈകീട്ടാണ് തേവർ പുഴകടന്ന് കിഴക്കെ കരയിലെത്തിയത് പള്ളിയോടത്തിൽ ചേങ്ങില വച്ച് തേവരുടെ തിടമ്പ് ഘടിപ്പിച്ച കോലം അതിനു മുകളിൽ വച്ച് മുന്നിൽ കുത്തു വിളക്കു വെച്ച് കിഴക്കെ കരയിലേക്ക് പുറപ്പെട്ടു.
തൃക്കോൽ . ശാന്തി രതീഷ് എമ്പ്രാന്തിരി ഓടം തുഴഞ്ഞു. കുടശാന്തി കോലം പിടിച്ചു. മാരാന്മാർ ഇരുകരകളിലും നിന്ന് മാറി മാറി ശംഖനാദം മുഴക്കി. കിഴക്കെ കരയിലെത്തിയ തേവരുടെ കോലം മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിച്ചു വച്ചപ്പോൾ ആമലത്തു തറവാട്ടുകാർ ആദ്യപറ നൽകി. തുടർന്ന് കിഴക്കേ നട പൂരം ആരംഭിച്ചു മംഗലാംകുന്ന് ശരണമയ്യപ്പൻ കോലം വഹിച്ചു.
ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടെ തേവരെ കിഴക്ക നടപൂരാഘോഷ കമ്മറ്റി എതിരേറ്റു. തൃപ്രയാർ ശരവണരാജനും സംഘവും നാഗസ്വരക്കച്ചേരിയും നടത്തി. തുടർന്ന് തേവർ ക്ഷേത്രം ഊരായ്മക്കാരായ ചേലൂർ, പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി ഇല്ലങ്ങളിൽ പൂരത്തിനെഴുന്നള്ളി.



