
2026 ഐപിഎൽ സീസണിലെ ആദ്യ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് തകർപ്പൻ വിജയം സ്വന്തമാക്കി. കൊൽക്കത്ത ഉയർത്തിയ 221 റൺസെന്ന കൂറ്റൻ ലക്ഷ്യം അഞ്ച് പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. ഓപ്പണർമാരായ രോഹിത് ശർമയുടെയും ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കിൾട്ടണിന്റെയും വെടിക്കെട്ട് പ്രകടനമാണ് മുംബൈയുടെ ജയം അനായാസമാക്കിയത്.
ആദ്യ വിക്കറ്റിൽ രോഹിത്തും റിക്കിൾട്ടണും ചേർന്ന് പടുത്തുയർത്തിയ 148 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണ്ണായകമായത്. 38 പന്തിൽ 78 റൺസെടുത്ത രോഹിത്തിനെ വൈഭവ് അറോറ പുറത്താക്കിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നാലെ വന്ന സൂര്യകുമാർ യാദവിനും (16), തിലക് വർമയ്ക്കും (20) വലിയ സ്കോറുകൾ കണ്ടെത്താനായില്ലെങ്കിലും എട്ട് സിക്സറുകൾ പറത്തി 16-ാം ഓവർ വരെ ക്രീസിൽ നിന്ന റിക്കിൾട്ടൺ മുംബൈയെ വിജയത്തിനടുത്തെത്തിച്ചു. ഒടുവിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (18) നമൻ ധിറും (5) ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Also Read:കെകെആറിന്റെ വിശ്വസ്തൻ; ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന വിദേശ താരമായി സുനിൽ നരേൻ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 220 റൺസ് അടിച്ചുകൂട്ടിയത്. 40 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും 29 പന്തിൽ 51 റൺസ് എടുത്ത അംഗ്കൃഷ് രഘുവംശിയുമാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. എന്നാൽ ബൗളർമാരെ നിലംപരിശാക്കിയ മുംബൈ ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ ഈ റൺമലയും തകർന്നു വീണു.
The post ഹിറ്റ്മാൻ ഷോയും റിക്കിൾട്ടൺ വെടിക്കെട്ടും; 221 റൺസ് അനായാസം മറികടന്ന് മുംബൈ ഇന്ത്യൻസ് appeared first on Express Kerala.



