ക്ഷേമപെൻഷൻ 3000 രൂപയാക്കും; ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസുമായി യുഡിഎഫ്

ക്ഷേമപെൻഷൻ 3000 രൂപയാക്കും; ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസുമായി യുഡിഎഫ്

കോട്ടയം പുതുപ്പള്ളിയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ എൽഡിഎഫ് സർക്കാരിനും കേന്ദ്രത്തിലെ ബിജെപി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ റബ്ബർ വില കിലോയ്ക്ക് 250 രൂപയായി ഉയർത്തുമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പ്രഖ്യാപനം. നിലവിലെ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് റബ്ബർ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയെന്നും, യുഡിഎഫ് പ്രകടനപത്രികയിൽ റബ്ബർ വില 300 രൂപയാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചാണ്ടി ഉമ്മൻ, കെ.സി. വേണുഗോപാൽ എന്നിവരും അദ്ദേഹത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.

ദേശീയ രാഷ്ട്രീയത്തെയും വിദേശനയങ്ങളെയും കുറിച്ച് സംസാരിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഇന്ത്യക്ക് എണ്ണ വാങ്ങാൻ പോലും അമേരിക്കയുടെ അനുമതി വേണമെന്നത് ഒരു സ്വതന്ത്ര രാഷ്ട്രത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. എഫ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നാൽ മോദിയുടെ യഥാർത്ഥ മുഖം ലോകമറിയുമെന്നും, മോദിക്ക് ആർഎസ്എസിനും മാത്രമേ വിദേശത്തുനിന്ന് പണം സ്വീകരിക്കാൻ സാധിക്കുന്നുള്ളൂ എന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസ് വിദ്വേഷം പടർത്തുന്ന സംഘടനയാണെന്നും എഫ്‌സിആർഎ ബില്ലിലൂടെ മറ്റുള്ളവരുടെ വിദേശ സഹായം തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെ, ബിജെപിയും എൽഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രം കേസെടുക്കാത്തത് അവർ പങ്കാളികളായതുകൊണ്ടാണെന്നും ബിജെപിക്ക് ഇടതുപക്ഷം ഒരു ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഐഎം നേതാക്കൾക്കെതിരെ മോദി സംസാരിക്കാത്തത് എൽഡിഎഫ് ഭരണത്തിൽ തുടരാൻ ബിജെപി ആഗ്രഹിക്കുന്നതുകൊണ്ടാണ്. കോൺഗ്രസ്സിന് മാത്രമേ ബിജെപിയെ രാജ്യത്ത് നേരിടാൻ കരുത്തുള്ളൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.

Also Read: ഇന്ത്യയിലെ ആദ്യ ജാതി സെൻസസ് വരുന്നു; കേരളത്തിലെ കണക്കെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

കേരളത്തിന്റെ വികസനത്തിനായി ഒട്ടേറെ ക്ഷേമപദ്ധതികളും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും, സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പയും വാഗ്ദാനം ചെയ്തു. ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും, തകർന്നടിഞ്ഞ കേരളത്തിന്റെ ആരോഗ്യമേഖലയെ വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്ന തന്റെ ആഗ്രഹവും അദ്ദേഹം പ്രസംഗത്തിൽ പങ്കുവെച്ചു.

The post ക്ഷേമപെൻഷൻ 3000 രൂപയാക്കും; ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസുമായി യുഡിഎഫ് appeared first on Express Kerala.

Spread the love
Scroll to Top