
മലയാളികൾ നെഞ്ചേറ്റിയ തെലുങ്ക് താരം അല്ലു അർജുന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ‘ഹാപ്പി’ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. 2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം കേരളത്തിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ ചരിത്രവിജയമാണ് നേടിയത്. പ്രിയ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ എട്ടിനാണ് ചിത്രം റീ-റിലീസിനായി ഒരുങ്ങുന്നത്. ഗീത ആർട്‌സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം ഖാദർ ഹസനാണ് വീണ്ടും കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.
രണ്ടാം വരവിൽ സാങ്കേതിക മികവോടെയാണ് ‘ഹാപ്പി’ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഫോർ കെ അൾട്രാ ഇംപാക്ട് ദൃശ്യമികവോടെ എത്തുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഏപ്രിൽ എട്ടിന് റിലീസ് ചെയ്യുന്നത്. എ. കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രം അല്ലു അർജുനെ മലയാളികളുടെ പ്രിയപ്പെട്ട ‘മല്ലു അർജുൻ’ ആക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകർക്കിടയിലും വലിയ സ്വാധീനം ചെലുത്തിയ ചിത്രത്തിന് ഇപ്പോഴും മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറക്കാരുടെ കണക്കുകൂട്ടൽ. ജെനീലിയ ഡിസൂസ നായികയായെത്തിയ ചിത്രത്തിൽ മനോജ് ബാജ്‌പേയിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. യുവൻ ശങ്കർ രാജ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്കിടയിൽ തരംഗമാണ്.
The post അല്ലു അർജുൻ ആരാധകർക്ക് ആവേശം! 20 വർഷത്തിന് ശേഷം ആ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് appeared first on Express Kerala.




