ഗില്ലിന്റെ തന്ത്രങ്ങൾ പാളി; ഗുജറാത്തിന് ആദ്യ മത്സരത്തിൽ തന്നെ തോൽവി, നായകനെതിരെ ആരാധകർ

ഗില്ലിന്റെ തന്ത്രങ്ങൾ പാളി; ഗുജറാത്തിന് ആദ്യ മത്സരത്തിൽ തന്നെ തോൽവി, നായകനെതിരെ ആരാധകർ

പിഎൽ സീസണിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരുടെ കടുത്ത വിമർശനം. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ കൈപ്പിടിയിലൊതുക്കാവുന്ന ജയം ഗില്ലിന്റെ മോശം നായകത്വവും തന്ത്രങ്ങളിലെ പാളിച്ചയും കാരണം നഷ്ടപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

ബൗളർമാരെ ഉപയോഗിക്കുന്നതിൽ ഗില്ലിന് സംഭവിച്ച പിഴവുകളാണ് പ്രധാനമായും ചർച്ചയാകുന്നത്. പവർപ്ലേയ്ക്ക് ശേഷം പ്രധാന പേസറായ മുഹമ്മദ് സിറാജിന് ഒരോവർ പോലും നൽകാതിരുന്നത് ആരാധകരെ അമ്പരപ്പിച്ചു. റൺസ് വഴങ്ങി പതറിയ അശോക് ശർമ്മയ്ക്ക് വീണ്ടും പന്ത് നൽകിയതും, ഡെത്ത് ഓവറുകളിൽ പ്രസിദ്ധ് കൃഷ്ണയെ വിശ്വസിച്ച് പന്തേൽപ്പിച്ചതും തോൽവിക്ക് ആക്കം കൂട്ടി. അവസാന ഓവർ വെറും 2 റൺസ് പ്രതിരോധിക്കാൻ വാഷിംഗ്ടൺ സുന്ദറിനെ വിളിച്ചതും നായകന്റെ ‘ക്ലൂലെസ്സ്’ അവസ്ഥയെയാണ് കാണിക്കുന്നതെന്ന് ആരാധകർ പരിഹസിക്കുന്നു. കോച്ച് ആശിഷ് നെഹ്‌റയുടെ കൃത്യമായ നിർദ്ദേശങ്ങളില്ലെങ്കിൽ ഗില്ലിന് മൈതാനത്ത് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.

Also Read:പഞ്ചാബിന് ‘ജയം’, നായകന് ‘അടി’! ഗുജറാത്തിനെ തകർത്തു; പക്ഷേ ശ്രേയസിന് 12 ലക്ഷം പിഴ

നായകത്വത്തിൽ മാത്രമല്ല, ഗില്ലിന്റെ ബാറ്റിംഗ് ശൈലിയിലും ആരാധകർ അതൃപ്തരാണ്. ടി20 ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ ഐപിഎല്ലിൽ മികച്ചൊരു ഇന്നിങ്‌സിലൂടെ മറുപടി നൽകുമെന്ന് കരുതിയെങ്കിലും പഴയ ‘മെല്ലെപ്പോക്ക്’ നയം തന്നെയാണ് താരം തുടരുന്നത്. 39 റൺസ് നേടിയെങ്കിലും ഇന്നിങ്‌സിൽ ഒരു സിക്‌സർ പോലും ഉണ്ടായിരുന്നില്ല എന്നത് ആരാധകരെ നിരാശരാക്കി. ഗില്ലിന്റെ ബാറ്റിംഗും നായകത്വവും മെച്ചപ്പെട്ടില്ലെങ്കിൽ ഗുജറാത്തിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ ഇത്തവണ നേരത്തെ അവസാനിക്കുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ.

The post ഗില്ലിന്റെ തന്ത്രങ്ങൾ പാളി; ഗുജറാത്തിന് ആദ്യ മത്സരത്തിൽ തന്നെ തോൽവി, നായകനെതിരെ ആരാധകർ appeared first on Express Kerala.

Spread the love
Scroll to Top