കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം! പ്രവാസികളുടെ യാത്രാ ദുരിതത്തിൽ സുപ്രിയ സുലെ എം.പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം! പ്രവാസികളുടെ യാത്രാ ദുരിതത്തിൽ സുപ്രിയ സുലെ എം.പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന രൂക്ഷമായ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എൻ.സി.പി (എസ്.പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എം.പി ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർധനവും വിമാനങ്ങളുടെ ലഭ്യതക്കുറവും മൂലം പ്രവാസികൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനാണ് അവർ കത്തയച്ചത്. എൻ.സി.പി.എസ്.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി വിഷയത്തിൽ ഇടപെട്ടത്.

വേനലവധി ആരംഭിക്കാനിരിക്കെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് നിലവിലെ ഉയർന്ന വിമാനനിരക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കും അടുത്ത ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും മറ്റും നാട്ടിലേക്ക് പോകേണ്ടവർ പോലും വിമാന ടിക്കറ്റ് കിട്ടാതെയും വലിയ തുക നൽകേണ്ടി വരുന്നതിനാലും വലയുകയാണ്. കൂടാതെ, വിവിധ യോഗ്യതാ പരീക്ഷകൾക്കും തുടർപഠനത്തിനുമായി നാട്ടിലേക്ക് പോകേണ്ട വിദ്യാർത്ഥികളെയും സന്ദർശക വിസയിൽ ഗൾഫിലെത്തി മടങ്ങിപ്പോകുന്ന കുടുംബാംഗങ്ങളെയും ഈ സാഹചര്യം ഒരുപോലെ ബാധിച്ചിട്ടുണ്ട്.

Also Read: കുവൈത്തിൽ നിന്നും കണ്ണീർ വിമാനം; ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കൃഷ്ണനടക്കം 20 ഇന്ത്യക്കാർ ജന്മനാട്ടിലെത്തി

ഈ പ്രതിസന്ധിക്ക് പരിഹാരമായി സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴി കൂടുതൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ നയതന്ത്ര ചർച്ചകളിലൂടെ അനുമതി ലഭ്യമാക്കണമെന്ന് സുപ്രിയ സുലെ കത്തിൽ ആവശ്യപ്പെട്ടു. സൗദി ട്രാൻസിറ്റ് വിസ നടപടികൾ കൂടുതൽ ലളിതമാക്കിയാൽ അത് കുവൈത്തിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ന്യായമായ ഈ ആവശ്യത്തിൽ വിദേശകാര്യ മന്ത്രാലയം ഉടനടി നടപടി സ്വീകരിക്കണമെന്നും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി യാത്രാ ക്ലേശം പരിഹരിക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.

The post കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം! പ്രവാസികളുടെ യാത്രാ ദുരിതത്തിൽ സുപ്രിയ സുലെ എം.പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു appeared first on Express Kerala.

Spread the love
Scroll to Top