
ദുബായ്: യുഎഇയിലെ ഉമ്മുൽ ഖുവെയിനിൽ ബുധനാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശിക്ക് പരിക്കേറ്റു. ഉമ്മുൽ തുബ്ബ് വ്യവസായ മേഖല ലക്ഷ്യമാക്കി വന്ന ഡ്രോൺ യുഎഇ വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തകർക്കുകയായിരുന്നു. എന്നാൽ ഇതിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഉമ്മുൽ ഖുവെയിൻ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
Also Read: ജാഗ്രതയോടെ ഫുജൈറ! തകർന്നു വീണ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു
മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണ പരമ്പരയുടെ ഭാഗമായാണ് ഇതും കണക്കാക്കപ്പെടുന്നത്. ഇതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് പരിക്കേറ്റവരുടെ എണ്ണം 189 ആയി ഉയർന്നു. ആക്രമണം നടന്ന ഉടൻ തന്നെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി. ഇത്തരം സാഹചര്യങ്ങളിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
The post ഉമ്മുൽ ഖുവെയിനിൽ ഡ്രോൺ ആക്രമണം! ഇന്ത്യക്കാരന് പരിക്ക്; യുഎഇയിൽ ആശങ്ക തുടരുന്നു appeared first on Express Kerala.




