അമേരിക്കൻ ജനതയ്ക്ക് ഇറാൻ്റെ കത്ത്; ശത്രുത ജനങ്ങളോടല്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

അമേരിക്കൻ ജനതയ്ക്ക് ഇറാൻ്റെ കത്ത്; ശത്രുത ജനങ്ങളോടല്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

മേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പുറത്തുവിട്ട തുറന്ന കത്ത് ആഗോളതലത്തിൽ ശ്രദ്ധേയമാകുന്നു. ഇറാനിലെ ജനങ്ങൾക്ക് അമേരിക്കയിലെയോ യൂറോപ്പിലെയോ ജനങ്ങളോട് ശത്രുതയില്ലെന്നും, ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളെയും സാധാരണ ജനങ്ങളെയും വേർതിരിച്ചു കാണാൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ചരിത്രത്തിലുടനീളം വിദേശ ഇടപെടലുകൾ നേരിട്ടിട്ടുണ്ടെങ്കിലും ആധുനിക കാലത്ത് ഇറാൻ ഒരു യുദ്ധവും മുൻകൈയെടുത്ത് ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം.

ഇറാനെ ഒരു ആഗോള ഭീഷണിയായി ചിത്രീകരിക്കുന്നത് ചിലരുടെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് പെസഷ്കിയാൻ കുറ്റപ്പെടുത്തി. ആയുധ വ്യവസായത്തെ പോഷിപ്പിക്കാനും വിപണികളെ നിയന്ത്രിക്കാനും വേണ്ടി ശത്രുക്കളെ കൃത്രിമമായി സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. നിലവിലെ യുദ്ധം ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, സമാധാന ചർച്ചകളിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയത് അമേരിക്കയാണെന്നും ചൂണ്ടിക്കാട്ടി. ഇറാൻ്റെ ഊർജ്ജ മേഖലയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ ജനങ്ങൾക്ക് നേരെയുള്ള യുദ്ധമാണെന്നും, ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന ക്രൂരതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇറാനെ പ്രതിസ്ഥാനത്ത് നിർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Also Read: ഏഷ്യ കടന്ന് യുദ്ധമെത്തുന്നത് യൂറോപ്പിന്റെ പടിവാതിലിലോ? ഇറാൻ നൽകിയ ആ ‘റെഡ് സിഗ്നൽ; ഈ മുന്നറിയിപ്പ് വെറുമൊരു വാക്കല്ല…

യുദ്ധവും സമാധാനവും തമ്മിലുള്ള തിരഞ്ഞെടുപ്പ് വരുംതലമുറകളുടെ ഭാവി നിർണ്ണയിക്കുമെന്നും ഏറ്റുമുട്ടലിന്റെ പാത മുൻപത്തേക്കാൾ ചെലവേറിയതാണെന്നും കത്തിൽ പറയുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതുൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തമായ പരാമർശമില്ലെങ്കിലും, ഇറാൻ്റെ സൈനിക നടപടികളെല്ലാം സ്വയരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്ന് പ്രസിഡന്റ് ന്യായീകരിച്ചു. ഇറാൻ വെടിനിർത്തലിന് ശ്രമിക്കുന്നുവെന്ന ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തള്ളിക്കളഞ്ഞ ഇറാൻ വിദേശകാര്യ മന്ത്രാലയം, അമേരിക്കയുടെ 15 ഇന നിർദ്ദേശങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സമാധാനത്തിനുള്ള താല്പര്യം കത്തിൽ സൂചിപ്പിക്കുമ്പോഴും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് ഇറാൻ ഭരണകൂടം.

The post അമേരിക്കൻ ജനതയ്ക്ക് ഇറാൻ്റെ കത്ത്; ശത്രുത ജനങ്ങളോടല്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ appeared first on Express Kerala.

Spread the love
Scroll to Top