മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്.

ഇരിങ്ങാലക്കുട : മയക്കുമരുന്ന് കടത്തിലൂടെ പ്രതികൾ അനധികൃതമായി സമ്പാദിച്ച മുപ്പത്തിയേഴ് ലക്ഷത്തി എഴുപത്തി എട്ടായിരം രൂപയിലധികം മതിപ്പുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവായി. 2025 സെപ്റ്റംബർ 29-ന് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തളിക്കുളം കൈതക്കൽ വെച്ച് 31.330 ഗ്രാം മെത്താഫിറ്റമിനുമായി എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പിൽ വീട്ടിൽ ഫസീല (33) എന്നിവരെ
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന് പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ അഖിലിനും ഫസീലയ്ക്കും സ്ഥിരമായ വരുമാന മാർഗ്ഗങ്ങളൊന്നുമില്ലെന്നും ഇവർ ലഹരിമരുന്നുകളുടെ നിയമവിരുദ്ധമായ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായും ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച അനധികൃത വരുമാനം ഉപയോഗിച്ച് സ്ഥാവര ജംഗമ സ്വത്തുക്കൾ സമ്പാദിച്ചതായും കണ്ടെത്തി.
ഇതേത്തുടർന്നാണ് അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 1,94,718/- രൂപ, 24 ലക്ഷം രൂപ വിലയുള്ള ജെ.സി.ബി, 6.5 ലക്ഷം രൂപയുടെ കാർ, എടത്തിരുത്തി വില്ലേജിലെ 5,32,500/- രൂപ വിലമതിക്കുന്ന 8.30 സെന്റ് ഭൂമി, ഫസീലയുടെ ബാങ്ക് അക്കൗണ്ടിലെ 899/- രൂപ എന്നിവയുൾപ്പെടെ ആകെ 37,78,117/- രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുന്നതിനായി ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിയിൽ (Competent Authority – SAFEM (FOP)A & NDPSA) റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെ തുടർന്നാണ് സ്വത്തു വകകൾ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്.
എൻ.ഡി.പി.എസ് നിയമപ്രകാരം 10 വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ ഏർപ്പെടുന്നവരുടെയും അവരുടെ സഹായികളുടെയും ബന്ധുക്കളുടെയും പേരിൽ ലഹരിമരുന്ന് പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥയുണ്ട്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ ഡി.സി.ബി ഡി.വൈ.എസ്.പി ഉല്ലാസ് കുമാർ എം, വലപ്പാട് എസ്.എച്ച്.ഒ അനിൽകുമാർ, ജി എ എസ് ഐ സൈഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.

Spread the love
See also  ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: 57 ലക്ഷം തട്ടിയ കേസിൽ കമ്മീഷൻ വാങ്ങി പണം കൈമാറിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close