loader image
ചരിത്രനേട്ടത്തിന്റെ നെറുകയിൽ എറണാകുളം ജനറൽ ആശുപത്രി; രാജ്യത്താദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേദിയാകുന്നു

ചരിത്രനേട്ടത്തിന്റെ നെറുകയിൽ എറണാകുളം ജനറൽ ആശുപത്രി; രാജ്യത്താദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേദിയാകുന്നു

കൊച്ചി: ആരോഗ്യരംഗത്ത് കേരളത്തിന്റേയും എറണാകുളം ജില്ലയുടേയും അഭിമാനമുയർത്തി എറണാകുളം ജനറൽ ആശുപത്രി. രാജ്യത്തെ സർക്കാർ മേഖലയിലെ ഒരു ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ആദ്യമായി ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നു എന്ന അപൂർവ്വ നേട്ടം ഇനി എറണാകുളം ജനറൽ ആശുപത്രിക്ക് സ്വന്തം. കൊല്ലം ചിറക്കര സ്വദേശി ഷിബു (47) വിന്റെ ഹൃദയമാണ് നേപ്പാൾ സ്വദേശിനിയായ ദുർഗ കാമിയിൽ വെച്ചുപിടിപ്പിക്കുന്നത്.

വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചതോടെയാണ് ഈ ശസ്ത്രക്രിയയ്ക്ക് കളമൊരുങ്ങിയത്. ഹൃദയം കൂടാതെ രണ്ട് വൃക്കകൾ, നേത്രപടലങ്ങൾ, ത്വക്ക് എന്നിവയും ഷിബു ദാനം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഒരാൾ ത്വക്ക് ദാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ ത്വക്ക് വിദഗ്ധ സംവിധാനത്തോടെ സ്കിൻ ബാങ്കിൽ സൂക്ഷിക്കും.

Also Read: വാളയാർ ആൾക്കൂട്ടക്കൊലപാതകം: മൃതദേഹം ഏറ്റവാങ്ങുമെന്ന് രാംനാരായണൻ്റെ കുടുംബം

ഹൃദയഭിത്തികൾക്ക് കനം കൂടുന്ന ‘ഹൈപ്പർ ഹെർഡിക്ടറി കാർഡിയോ മയോപ്പതി’ എന്ന ഗുരുതരമായ ജനിതക രോഗമാണ് ദുർഗയെ ബാധിച്ചിരുന്നത്. ഇതേ രോഗം ബാധിച്ചായിരുന്നു ദുർഗയുടെ അമ്മയും സഹോദരിയും മരിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഹൃദയം മാറ്റിവെക്കൽ മാത്രമായിരുന്നു ഏക വഴി. എറണാകുളം ജനറൽ ആശുപത്രിയിലെ വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.

See also  എല്ലാ പഞ്ചായത്തിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ; ‘ഒപ്പം’ മെഡിക്കൽ ക്യാമ്പുമായി മന്ത്രി പി. രാജീവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് രാവിലെ പത്ത് മണിയോടെ ഹൃദയം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. തുടർന്ന് അതീവ സുരക്ഷയോടെ റോഡ് മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്ന് പ്രത്യേക എയർ ആംബുലൻസ് വഴി കൊച്ചി ഹയാത്ത് ഗ്രൗണ്ടിലെത്തിച്ച ഹൃദയം, ആംബുലൻസ് മാർഗം മിനിറ്റുകൾക്കുള്ളിൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും.

സാധാരണയായി മെഡിക്കൽ കോളേജുകളിലും വലിയ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം നടക്കാറുള്ള ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഒരു ജനറൽ ആശുപത്രിയിൽ നടക്കുന്നത് ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ഹൃദയ ശസ്ത്രക്രിയകൾ ലഭ്യമാക്കാൻ എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ മാസം ലഭിച്ച ലൈസൻസും സൗകര്യങ്ങളും വലിയ മുതൽക്കൂട്ടായി. ഈ ശസ്ത്രക്രിയ വിജയകരമാകുന്നതോടെ കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങളുടെ വിശ്വാസ്യതയും നിലവാരവും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിക്കപ്പെടുകയാണ്.
The post ചരിത്രനേട്ടത്തിന്റെ നെറുകയിൽ എറണാകുളം ജനറൽ ആശുപത്രി; രാജ്യത്താദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേദിയാകുന്നു appeared first on Express Kerala.

Spread the love

New Report

Close