
ഐപിഎല്ലിലെ ക്ലാസിക് പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 6 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 42 പന്തിൽ 75 റൺസുമായി (5 സിക്സ്, 5 ഫോർ) ജുറേൽ ബാറ്റിങ് നിരയുടെ നട്ടെല്ലായി. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ (36 പന്തിൽ 55), യുവതാരം വൈഭവ് സൂര്യവംശി (18 പന്തിൽ 31) എന്നിവർ പവർപ്ലേയിൽ തകർത്തടിച്ചതോടെ രാജസ്ഥാൻ സ്കോർ കുതിച്ചു.
Also Read: റിസ്‌വി ആറാട്ട്! മുംബൈയെ വീഴ്ത്തി ഡൽഹിക്ക് രണ്ടാം ജയം
ടൈറ്റൻസിനായി കഗിസോ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി. അശോക് ശർമ എറിഞ്ഞ 154.2 കി.മീ വേഗതയിലുള്ള പന്ത് ഈ സീസണിലെ വേഗമേറിയ പന്തായി മാറി. മറുപടി ബാറ്റിങ്ങിൽ സായ് സുദർശന്റെ (73) ഉജ്ജ്വല പ്രകടനം ഗുജറാത്തിന് പ്രതീക്ഷ നൽകിയെങ്കിലും രാജസ്ഥാൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി. നാല് വിക്കറ്റുകൾ വീഴ്ത്തിയ രവി ബിഷ്ണോയിയാണ് ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കിയത്.
അവസാന രണ്ട് ഓവറിൽ ജയിക്കാൻ 15 റൺസ് മതിയായിരുന്ന ഗുജറാത്തിനെ ജോഫ്ര ആർച്ചറും തുഷാർ ദേശ്പാണ്ഡെയും ചേർന്ന് തളച്ചു. പരിചയസമ്പന്നരായ ബൗളർമാരെ മാറ്റിനിർത്തി അവസാന ഓവർ എറിയാൻ തുഷാർ ദേശ്പാണ്ഡെയെ ഏൽപ്പിച്ച ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തീരുമാനം വിജയകരമായി. വെറും 4 റൺസ് മാത്രം വഴങ്ങി റാഷിദ് ഖാനെ പുറത്താക്കി ദേശ്പാണ്ഡെ വിജയം ഉറപ്പിച്ചു.
The post ജുറേലിന്റെ വെടിക്കെട്ടും ബിഷ്ണോയിയുടെ സ്പിൻ കരുത്തും! ടൈറ്റൻസിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ റോയൽസ് appeared first on Express Kerala.




