കടം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ക്രൂരമർദനവും കവർച്ചയും; പൂന്തുറയിൽ മൂന്ന് പേർ പിടിയിൽ

കടം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ക്രൂരമർദനവും കവർച്ചയും; പൂന്തുറയിൽ മൂന്ന് പേർ പിടിയിൽ

പൂന്തുറ: കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ യുവാവിനെ ക്രൂരമായി മർദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്ന് പ്രതികളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ കോളനി സ്വദേശി ഫൈസലിനാണ് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ബീമാപള്ളി ജവഹർ പള്ളി സ്വദേശികളായ ഷാനവാസ്, അർഷാദ്, മൂസ എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ ഫിറോസ് നിലവിൽ ഒളിവിലാണ്. ജനുവരി 14-നായിരുന്നു സംഭവം. ഒന്നാം പ്രതിയായ ഫിറോസ് ഫൈസലിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിൽ ബാക്കി നൽകാനുണ്ടായിരുന്ന 50,000 രൂപ തരാമെന്ന് പറഞ്ഞ് ഫൈസലിനെ പൂന്തുറ കീഴേക്കടപ്പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഫൈസലിനെ പ്രതികൾ തടഞ്ഞുവെച്ച് ഷർട്ട് ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിട്ടു. തുടർന്ന് മരപ്പട്ടികയും കല്ലും ഓലമടലും ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. മർദനത്തിൽ ഫൈസലിന്റെ ഇരു കാലുകളിലെയും എല്ലുകൾ പൊട്ടിയിട്ടുണ്ട്.

Also Read: ആന്ധ്രയിൽ സർക്കാർ ജീവനക്കാരിക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമം; ഇരുമ്പുവടി കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചു

മർദനത്തിന് ശേഷം ഫൈസലിന്റെ പക്കലുണ്ടായിരുന്ന 12,000 രൂപ, ഒന്നര പവന്റെ സ്വർണ്ണമാല, എ.ടി.എം കാർഡ് എന്നിവ പ്രതികൾ തട്ടിയെടുത്തു. പൂന്തുറ എസ്.എച്ച്.ഒ രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുഖ്യപ്രതി ഫിറോസിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

The post കടം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ക്രൂരമർദനവും കവർച്ചയും; പൂന്തുറയിൽ മൂന്ന് പേർ പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top