വടക്കാഞ്ചേരി എങ്കേക്കാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാഴാനി കാക്കനിക്കാട് നെല്ലിച്ചോട്ടിൽ വീട്ടിൽ അഖിൽ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.15-ഓടെ ഓട്ടുപാറ – വാഴാനി റോഡിൽ എങ്കേക്കാട് വെച്ചായിരുന്നു അപകടം.
വാഴാനി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന അഖിലിനെ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കാർ ഡ്രൈവർക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.


