PUDUKAD-NEWS-PUTHUKAD-NEWS

ബാംഗ്ലൂരിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷനും, താമസ സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിൻ്റെ മറവിൽ വൻ രാസലഹരി വിപണനം നടത്തിവന്ന യുവാവ് പിടിയിൽ.

അന്തിക്കാട് : ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനും വിദ്യാർത്ഥികൾക്ക് താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്നതിൻ്റെ മറവിൽ വൻതോതിൽ രാസലഹരി വിൽപന നടത്തിവന്ന യുവാവ് തൃശൂർ റൂറൽ പോലീസിൻ്റെ പിടിയിലായി.
മണലൂർ അയ്യപ്പൻകാവ് ദേശത്ത് മേനോത്ത് പറമ്പിൽ വീട്ടിൽ ശ്രീജിലിനെ (30) ആണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 56 ഗ്രാം എം ഡി എം എ പിടിച്ചെടുത്തിട്ടുണ്ട്.
വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ശ്രീജിൽ .ബാംഗ്ലൂരിലെ വിദ്യാഭ്യാസ ഏജൻ്റ് എന്ന വ്യാജേനയാണ് ഇയാൾ തൃശൂർ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം തരപ്പെടുത്തിക്കൊടുക്കുന്നതിൻ്റെ പേരിൽ വിശ്വാസം പിടിച്ചുപറ്റിയ ശേഷം ഇവരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുകയായിരുന്നു പ്രതിയുടെ രീതി.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് അന്തിക്കാട് വെച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ശ്രീജിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടികേസിലെ പ്രതിയാണ്.
നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ലഹരിമരുന്ന് കടത്തിന് പിന്നിൽ അന്തർസംസ്ഥാന ബന്ധമുണ്ടോ എന്നും കൂടുതൽ പേർ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Spread the love
See also  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top