ലോകം മറ്റൊരു മഹാ യുദ്ധത്തിന്റെ വക്കിലാണെന്ന സൂചനകൾ നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അമേരിക്കയും ഇസ്രയേലും യൂറോപ്യൻ രാജ്യങ്ങളും ചേർന്ന് ഇറാന്റെ നിലനിൽപ്പിന് നേരെ ‘സമ്പൂർണ്ണ യുദ്ധം’ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വെറുമൊരു സൈനിക നീക്കമല്ല, മറിച്ച് ഇറാനെ സാമ്പത്തികമായും സാംസ്കാരികമായും രാഷ്ട്രീയമായും തകർത്ത് മുട്ടുകുത്തിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.
1980-കളിലെ ഇറാഖുമായുള്ള എട്ടു വർഷത്തെ യുദ്ധത്തേക്കാൾ ദുഷ്കരമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പെസഷ്കിയാൻ ചൂണ്ടിക്കാട്ടി. “അന്ന് മിസൈലുകൾ എവിടെ നിന്ന് വരുന്നുവെന്നും എവിടെ തിരിച്ചടിക്കണമെന്നും വ്യക്തമായിരുന്നു. എന്നാൽ ഇന്ന് അവർ നമ്മെ എല്ലാ കോണുകളിൽ നിന്നും വളയുകയാണ്. ഉപരോധങ്ങളിലൂടെ ശ്വാസം മുട്ടിച്ചും രാഷ്ട്രീയ സമ്മർദ്ദങ്ങളിലൂടെയും നമ്മെ ഇല്ലാതാക്കാനാണ് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമം,” അദ്ദേഹം പറഞ്ഞു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങൾ വീണ്ടും യുഎൻ ഉപരോധങ്ങൾ ഏർപ്പെടുത്തിയതും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്.
Also Read: പ്രവാചകൻ മുഹമ്മദ് നബിയുടെ 43-ാം തലമുറയിലെ പിൻഗാമി! ജോർദാനിലെ രാജാവിന്റെ കുടുംബം ഒരു അത്ഭുതമാണ്
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണാൻ പോകുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
ഇറാന്റെ വ്യോമാതിർത്തിയിൽ പാശ്ചാത്യ ഏജൻസികൾ അസാധാരണമായ നീക്കങ്ങൾ കണ്ടെത്തിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും പുകയുകയാണ്. ഇറാൻ നടത്തുന്ന മിസൈൽ പരിശീലനങ്ങൾ ഇസ്രയേലിന് നേരെയുള്ള ഒരു അപ്രതീക്ഷിത ആക്രമണത്തിന്റെ മുന്നോടിയാണെന്ന് ഇസ്രയേൽ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ യുഎസ് കമാൻഡിന് മുന്നറിയിപ്പ് നൽകി. തകർന്ന വ്യോമ പ്രതിരോധ സംവിധാനങ്ങൾ നന്നാക്കിയും ബാലിസ്റ്റിക് മിസൈൽ ഉൽപ്പാദനം വർദ്ധിപ്പിച്ചും ഇറാൻ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന.
Also Read: പാകിസ്ഥാൻ അല്ല..! ലോകത്തിലെ മൂന്നാമത്തെ വലിയ ‘ഹിന്ദു ജനസംഖ്യ’യുള്ളത് ഒരു മുസ്ലീം രാജ്യത്ത്, പക്ഷേ…
പശ്ചിമേഷ്യയിലെ സംഘർഷം വെറുമൊരു അതിർത്തി തർക്കമല്ല, മറിച്ച് ലോകശക്തികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടമായി മാറിക്കഴിഞ്ഞു എന്നാണ് ഇറാൻ പ്രസിഡന്റിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. ഉപരോധങ്ങൾ കൊണ്ടും ആയുധങ്ങൾ കൊണ്ടും ഇറാനെ തളയ്ക്കാൻ പാശ്ചാത്യ ലോകം ശ്രമിക്കുമ്പോൾ, ഏതറ്റം വരെയും പോകാൻ തയ്യാറെടുക്കുകയാണ് ആ രാജ്യം. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ വരും ദിവസങ്ങളിൽ ലോകം കാണാനിരിക്കുന്നത് ഇതിലും വലിയൊരു ദുരന്തമായിരിക്കും. ഇറാന്റെ ഈ ‘സമ്പൂർണ്ണ യുദ്ധ’ ആരോപണം വരും ദിവസങ്ങളിൽ ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.
The post ‘1980-കളിലെ ഇറാഖ് യുദ്ധത്തേക്കാൾ മോശം..! ഇറാനെ മുട്ടുകുത്തിക്കാൻ നോക്കുന്നു, ഇത് ‘സമ്പൂർണ്ണ യുദ്ധമെന്ന്’ ഇറാൻ പ്രസിഡന്റ് appeared first on Express Kerala.



