PUDUKAD-NEWS-PUTHUKAD-NEWS

ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ 1 കോടി 8 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് : കമ്മീഷൻ വ്യവസ്ഥയിൽ സൈബർ തട്ടിപ്പ് പണം മുഖ്യ തട്ടിപ്പ് സംഘത്തിന് കൈമാറിയ യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ മറവിൽ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ട് വഴി സൈബർ തട്ടിപ്പ് പണം മുഖ്യ തട്ടിപ്പ് സംഘത്തിന് കൈമാറിയ കാസർഗോഡ് സ്വദേശി അറസ്റ്റിൽ.

കാസർഗോഡ് വി.ടി.സി. കൊടിയാമ്മ ചൂരിതഡ്ക സ്വദേശി മുഹമ്മദ് ഷമീലാണ് (23) തൃശൂർ റൂറൽ സൈബർ പൊലീസിന്റെ പിടിയിലായത്.

ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ‘ബാരിക് ഗോൾഡ് ക്യാപിറ്റൽ’ എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വലയിലാക്കിയത്.

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം പ്രത്യേക ട്രേഡിംഗ് വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു.

2024 നവംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി 1,08,78,935 രൂപയാണ് പരാതിക്കാരൻ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്.

ലാഭമായി ലഭിച്ചതായി കാണിച്ച തുക പിൻവലിക്കാൻ കഴിയാതായതോടെയാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് വ്യക്തമായത്. തുടർന്ന് ഇരിങ്ങാലക്കുട സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തട്ടിയെടുത്ത പണത്തിൽ നാലര ലക്ഷത്തോളം രൂപ ഷമീലിന്റെ ഐ.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്. ഈ തുക എ.ടി.എം. വഴിയും ചെക്ക് ഉപയോഗിച്ചും പിൻവലിച്ച് മുഖ്യ സൈബർ തട്ടിപ്പ് സംഘത്തിന് നൽകിയതിനാണ് ഷമീൽ പിടിയിലായത്.

ഷമീൽ ഈ കേസിലെ മുഖ്യപ്രതികളിലൊരാളായ മലപ്പുറം സ്വദേശി അജ്സൽ എന്നയാളുടെ കൂടെ പോയി തട്ടിപ്പിലൂടെ എത്തുന്ന പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് അജ്സലിന് കൈമാറുകയും ഇതിന് പ്രതിഫലമായി കമ്മീഷൻ കൈപ്പറ്റുകയുമായിരുന്നു.

കേസിലെ മുഖ്യപ്രതിയായ അജ്സലിനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഷ്റഫ്, സബ് ഇൻസ്പെക്ടർ കെ.വി. ജസ്റ്റിൻ, സി.പി.ഒ.മാരായ ടി.പി. ശ്രീനാഥ്, സി.എസ്. ശ്രീയേഷ്, ഡി.വി.ആർ. സി.പി.ഒ. അനന്ദുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

See also  തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മുന്നറിയിപ്പ്: അന്യർക്ക് ബാങ്ക് അക്കൗണ്ടുകൾ കൈമാറുന്നതും വാടകയ്ക്ക് നൽകുന്നതും കമ്മീഷൻ വാങ്ങുന്നതും ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തട്ടിപ്പ് സംഘങ്ങൾ ഇത്തരം അക്കൗണ്ടുകളാണ് പണം കടത്താൻ ഉപയോഗിക്കുന്നത്.

ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930 ലേക്ക് വിളിക്കുക.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top