അന്തിക്കാട് : പുത്തൻപീടികയിൽ ഭാര്യ വീടിന് നേരെ ഭർത്താവിൻ്റെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തു. പോർച്ചിലിരുന്ന സ്‌കൂട്ടറിന് തീയിട്ടു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തണ്ടാശ്ശേരി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ തളിക്കുളം സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
ആക്രമണം നടക്കുമ്പോൾ രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചു മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമാസക്തനായി എത്തിയ പ്രതി വീടിൻ്റെ ജനൽ ചില്ലകൾ അടിച്ചു തകർത്തു. തുടർന്ന് പോലീസ് എത്തുമ്പോഴേക്കും സ്ഥലത്തുനിന്ന് കടന്നുകളയും ചെയ്തിരുന്നു. പിന്നീട് ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരികെയെത്തി ഇവരുടെ വീടിന് മുന്നിൽ വച്ചിരുന്ന ഇരുചക്ര വാഹനം തീയിട്ട് നശിപ്പിക്കുകയായിരുന്നു.
ഇയാൾ 10 മാസം മുൻപ് ഈ വീട്ടിൽ മുൻപും ആക്രമണം നടത്തിയിട്ടുള്ളതായി കുടുംബം പറയുന്നു. ഇത് രണ്ടാം തവണയാണ്. ഇതുകൂടാതെ യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.



