ചേർപ്പ് : വല്ലച്ചിറ വില്ലേജ് ഓഫീസറായ വാടനപ്പിള്ളി ഗണേശമംഗലം ഇത്തിക്കാട്ട് ഷിനോദ് (49), വില്ലേജ് അസിസിറ്റന്റ് അരിമ്പൂർ കാരണയിൽ ഷാജി (55) എന്നിവരെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ടിപ്പർ ലോറി ഇടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മണ്ണ് ഖനനം ചെയ്യാൻ ഉപയോഗിച്ച ജെ സി ബി വാഹനം, പ്രതികളുടെ കാർ, മണ്ണ് കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി എന്നിവ പിടിച്ചെടുത്തു.
വെങ്ങിണിശ്ശേരി സ്വദേശി കോരൻവീട്ടിൽ മിഥുൻ (42), പഴുവിൽ സ്വദേശി മാപ്പോലിൽ വീട്ടിൽ നിഷിൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിഥുന്റെ അനധികൃത മണ്ണുകടത്ത് മുൻപ് വില്ലേജ് ഓഫീസർ പിടികൂടിയതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
2026 മെയ് 20-ാം തീയതി വൈകീട്ട് 5:15 മണിയോടെ വല്ലച്ചിറ വില്ലേജ് ഓഫീസിന് സമീപമുള്ള പറമ്പിലാണ് സംഭവം നടന്നത്.
ഈ പറമ്പിൽ നിന്നും ടിപ്പർ ലോറിയിൽ അനധികൃതമായി മണ്ണ് കയറ്റുന്നത് കണ്ട്, മണ്ണെടുക്കുന്നതിന് അനുമതി പത്രമുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും, പ്രതികൾ കൈയ്യേറ്റം ചെയ്ത് ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് തുടർന്ന് ഒന്നാം പ്രതി, ഇരുവരുടെയും നേരെ ടിപ്പർ ലോറി വേഗത്തിൽ ഓടിച്ച് കയറ്റി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ ഓടി മാറിയതിനാൽ പരിക്കേറ്റില്ല. ടിപ്പർ ലോറി ഇടിച്ചതിൽ വില്ലേജ് ഓഫീസറുടെയും വില്ലേജ് അസിസ്റ്റന്റിന്റെയും സ്കൂട്ടറിനും മേട്ടോർ സൈക്കിളിനും കേടുപാടുകൾ സംഭവിച്ചു.
മിഥുൻ ചേർപ്പ് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ രണ്ട് കേസ്സിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.
നിഷിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ കെ ഷിജു, ജി എസ് സി പി ഒ മാരായ അനീഷ്, ധനീഷ്, സി പി ഒ സിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



