കയ്‌പമംഗലം : മൂന്നുപീടികയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നലെ ആറ് പേരെ കടിച്ച പട്ടിക്ക് പേ വിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി തന്നെ നാട്ടുകാർ തല്ലിക്കൊന്ന പട്ടിയുടെ ജഡം ഇന്ന് മണ്ണുത്തി വെറ്ററിനറി കോളേജിൽ എത്തിച്ച് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് പേ ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കടിയേറ്റ എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ടെന്നും, തുടർ വാക്സിനേഷൻ കൃത്യമായി സ്വീകരിക്കാൻ എല്ലാവർക്കും നിർദേശം നൽകുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
ഇന്നലെ കാക്കത്തുരുത്തി പള്ളിവളവ് നിന്ന് മുതൽ വഴിയമ്പലം വരെ നാട്ടുകാരെ പരിഭ്രാന്തരാക്കി ഓടിയ പട്ടി ആറ് പേരെയാണ് കടിച്ചത്, കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ച പട്ടി നിരവധി വളർത്തുമൃഗങ്ങളെയും മറ്റ് തെരുവുനായകളെയും കടിച്ചതായും വിവരമുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെ വഴിയമ്പലത്ത് വെച്ചാണ് പട്ടിയെ ആരോ തല്ലിക്കൊന്നത്.
വെറ്ററിനറി വിഭാഗം നൽകിയ നിർദേശത്തെ തുടർന്ന് രാത്രി തന്നെ പഞ്ചായത്ത് പ്രസിഡണ്ട് ബീനാസുരേന്ദ്രൻ വാർഡ് മെംബർ പിസി മനോജ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ജീവനക്കാരായ നാസർ ജസീൽ തുടങ്ങിയവർ ചേർന്ന് പട്ടിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി സജ്ജീകരിച്ചിരുന്നു. പട്ടിക്ക് പേ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനായി നാളെ പഞ്ചായത്തിൽ അടിയന്തിര യോഗം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.



