നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളിക്ക് ബോക്സ് ഓഫീസിൽ ശക്തമായ തിരിച്ചുവരവാണ് ‘സർവ്വം മായ’ സമ്മാനിക്കുന്നത്. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്തതോടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ആദ്യ വാരാന്ത്യ കളക്ഷനിൽ തന്നെ അമ്പരപ്പിക്കുന്ന കുതിപ്പാണ് ചിത്രം നടത്തിയിരിക്കുന്നത്.
എന്റർടെയ്‌നർ ചിത്രങ്ങളിലൂടെ തിയേറ്ററുകളിൽ വലിയ ക്രൗഡ് പുള്ളിംഗ് കപ്പാസിറ്റിയുള്ള താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി, അടുത്ത കാലങ്ങളിൽ ബോക്സ് ഓഫീസ് വിജയം കൈവരിക്കാനാകാതെ വന്നിരുന്നു. ആ കുറവാണ് ഇപ്പോൾ ‘സർവ്വം മായ’ നികത്തുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി കേരളത്തിൽ നിന്ന് ചിത്രം നേടിയ ഗ്രോസ് 12.65 കോടി ആയിരുന്നു. എന്നാൽ ഞായറാഴ്ച മാത്രം ചിത്രം കേരളത്തിൽ നിന്ന് 5.72 കോടി നേടിയതോടെയാണ് വാരാന്ത്യ കളക്ഷൻ കൂടുതൽ ശ്രദ്ധ നേടിയത്. ഇതോടെ കേരളത്തിൽ നിന്നുള്ള ആദ്യ വാരാന്ത്യ ആകെ ഗ്രോസ് 18.37 കോടിയായി. ഇന്ത്യയാകെ ഞായറാഴ്ച ചിത്രം നേടിയ ഗ്രോസ് 6.60–6.70 കോടി റേഞ്ചിലാണെന്നാണ് കണക്കുകൾ. ഒരു നിവിൻ പോളി ചിത്രം ഇന്ത്യയിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന സിംഗിൾ ഡേ കളക്ഷനാണിതെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: സാംബോയിയായി ബേസിൽ ജോസഫ്; ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഈ പ്രകടനത്തോടെ, 2025ൽ കേരളത്തിൽ ഏറ്റവും മികച്ച ഓപ്പണിംഗ് വീക്കെന്‍ഡ് ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ സർവ്വം മായമൂന്നാം സ്ഥാനത്തെത്തി. എമ്പുരാൻ (42.56 കോടി), തുടരും (20.30 കോടി) എന്നീ ചിത്രങ്ങൾക്കു പിന്നാലെയാണ് ചിത്രം മൂന്നാമതെത്തിയത്. 15.50 കോടി നേടിയ കളങ്കാവല്‍നെ പിന്നിലാക്കിയാണ് ഈ മുന്നേറ്റം. പിന്നാലെ ഡീയസ് ഈറേ (15.38 കോടി), ആലപ്പുഴ ജിംഖാന (11.84 കോടി), ഹൃദയപൂര്‍വ്വം (11.30 കോടി), രേഖാചിത്രം (10.69 കോടി) എന്നിവയും പട്ടികയിലുണ്ട്. വ്യാഴാഴ്ച റിലീസ് ആയതിനാൽ സർവ്വം മായയ്ക്ക് നാല് ദിവസത്തെ വാരാന്ത്യം ലഭിച്ചതും കളക്ഷനിൽ അനുകൂലമായി. അതേസമയം തുടരും, കളങ്കാവല്‍, ഡീയസ് ഈറേ എന്നീ ചിത്രങ്ങൾ മൂന്ന് ദിവസത്തെ വാരാന്ത്യത്തിലാണ് റിലീസ് ചെയ്തിരുന്നത്.
The post ഓപ്പണിംഗ് വീക്കെൻഡിൽ കുതിപ്പ്; ബോക്സ് ഓഫീസിൽ നിവിന്റെ ഗംഭീര തിരിച്ചുവരവ്! appeared first on Express Kerala.



