വെങ്ങോല പഞ്ചായത്തിൽ യുഡിഎഫിന് ഭരണം. കോൺഗ്രസ് അംഗം ഷെഫീത ഷെരീഫ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഷെഫീത ഷെരീഫിന് 9 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി എൽസി എൽദോസിന് 8 വോട്ടും ലഭിച്ചു. ട്വന്റി20യും എസ്ഡിപിഐയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എസ്ഡിപിഐ അംഗം എത്തിയെങ്കിലും വോട്ട് ചെയ്തില്ല.
മലപ്പുറം തിരുവാലി പഞ്ചായത്തിലും യുഡിഎഫ് അധികാരത്തിൽ എത്തി. താരിയൻ തുമയാണ് പ്രസിഡന്റ്. എട്ടിനെതിരെ പതിനൊന്ന് വോട്ടിനാണ് ജയം.
കോട്ടയം എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് വിജയിച്ചു. അമ്പിളി സജീവനാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. സംവരണ പ്രശ്നത്തെ തുടർന്ന് യുഡിഎഫ് വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ആലപ്പുഴയിലെ വിയപുരത്ത് എൽഡിഎഫിന്റെ പി. ഓമനയാണ് പ്രസിഡന്റ്. കഴിഞ്ഞ ദിവസം കോറം തികയാതെ വോട്ടെടുപ്പ് നീട്ടിവെച്ചിരുന്നു. 14 സീറ്റുകളിൽ യുഡിഎഫ് 6, എൽഡിഎഫ് 5, ബിജെപി 3 എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി സ്ത്രീ സംവരണം ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്ന് ഈ സ്ഥാനത്തേക്ക് ആരും വിജയിച്ചിരുന്നില്ല. ഇതോടെയാണ് ഭൂരിപക്ഷമില്ലാതിരുന്നിട്ടും എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്.
Also Read: വീട്ടമ്മമാർക്ക് ലോട്ടറി! തീവിലയിൽ നിന്ന് ആശ്വാസം; കേരളത്തിൽ വില കുത്തനെ കുറയുന്നു
നെടുമുടി പഞ്ചായത്തിലും എൽഡിഎഫ് അധികാരം പിടിച്ചെടുത്തു, പി.കെ. വിനോദ് പ്രസിഡന്റായി. സി.പി.ഐ.എമ്മിലെ പ്രാദേശിക എതിർപ്പിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. പ്രശ്നം പരിഹരിച്ചതോടെ ഇന്ന് വോട്ടെടുപ്പ് നടന്നു.
കാസർകോട് പുള്ളൂർ-പെരിയ പഞ്ചായത്തിൽ എൽഡിഎഫിന്റെ സി.കെ. സബിത പ്രസിഡന്റായി. എൽഡിഎഫിനും യുഡിഎഫിനും 9 വീതം അംഗങ്ങളും ബിജെപിക്ക് 1 അംഗവുമുള്ളതിനാൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് വിജയിച്ചു.
അതേസമയം അട്ടപ്പാടിയിലെ അഗളി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു രാജിവച്ചു. യുഡിഎഫ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പ്രസിഡന്റായത് വലിയ വിവാദമുണ്ടാക്കി. സീറോ മലബാർ സഭാ വൈദികൻ ഉൾപ്പെടെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കോൺഗ്രസിന്റെ നടപടി പരിശോധിക്കുമ്പോൾ മഞ്ജുവിന് തിരുത്താൻ ഇന്നു വൈകുന്നേരം വരെ സമയം നൽകിയതായി ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ അറിയിച്ചു.
The post വെങ്ങോലയും തിരുവാലിയും യുഡിഎഫിന്; പുല്ലൂര്‍-പെരിയ, എരുമേലി, വിയപുരം പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് appeared first on Express Kerala.



